മോശം കാലത്ത് സചിന്‍ ഒപ്പം നിന്നില്ല, വിടവാങ്ങല്‍ പ്രസംഗത്തില്‍ എന്തിന് ഒഴിവാക്കി! കാംബ്ലിക്ക് അറിയണം
text_fieldsസചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റില്‍ വളര്‍ന്നു വന്ന സൂപ്പര്‍താരമായിരുന്നു വിനോദ് കാംബ്ലി. അരങ്ങേറ്റ കാലത്ത് തുടരെ സെഞ്ചുറികള്‍ നേടി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ബാറ്റര്‍. പ്രതിഭയില്‍ സചിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന താരം. രമാകാന്ത് അചരേക്കറുടെ പ്രിയ ശിഷ്യന്‍. പക്ഷേ, കാലം എല്ലാം മാറ്റി മറിച്ചു. സചിന്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായി, വിനോദ് കാംബ്ലി ദുരന്ത കഥാപാത്രവും.
സചിന്‍ കഠിനാധ്വാനം ചെയ്ത് കരിയര്‍ ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ കളിക്കളത്തിന് പുറത്തുള്ള സുഖങ്ങളിലേക്ക് ചേക്കേറി കാംബ്ലി കരിയര്‍ കളഞ്ഞു. മോശം കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ തന്നെ ആരെങ്കിലും സഹായിക്കാനുണ്ടായിരുന്നെങ്കില്‍ എന്ന് പരിതപിക്കുകയാണ് കാംബ്ലി ഇപ്പോള്‍. മാത്രമല്ല, സചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ഒരിക്കലും ചേര്‍ത്തുനിര്‍ത്തിയില്ലെന്ന കുറ്റപ്പെടുത്തലും താരം നടത്തുന്നു. പത്ത് വയസ് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. വളരെ അടുത്ത ബന്ധം. സചിന്റെ ജീവിതത്തിലെ വലിയൊരു കണ്ണിയാണ് ഞാന്‍. കരിയര്‍ ഒരുമിച്ചാണ് പടുത്തുയര്‍ത്തിയത്. ക്രിക്കറ്റ് കരിയറിലെ അനര്‍ഘനിമിഷങ്ങളില്‍ പങ്കാളികളായി. എന്നിട്ടും, സചിന്‍ വിരമിക്കല്‍ പ്രസംഗത്തില്‍ തന്നെ മാത്രം ഒഴിവാക്കി - കാംബ്ലി നിരാശയോടെ പറഞ്ഞു.
സചിനും കാംബ്ലിയും സ്‌കൂള്‍ ക്രിക്കറ്റില്‍ അടിച്ചുകൂട്ടിയ 664 റണ്‍സ് ദീര്‍ഘകാലം ലോകറെക്കോര്‍ഡ് ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും സചിന്‍-കാംബ്ലി റെക്കോര്‍ഡ് പ്രകടനം ആരാധകര്‍ കാത്തിരുന്നു. പക്ഷേ, 1996 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിയോടെ കാംബ്ലിയുടെ കരിയറിന് അന്ത്യമായി. ശ്രീലങ്കക്കെതിരെ സെമിഫൈനലില്‍ കാംബ്ലിയുടെ പ്രകടനം ഒത്തുകളിയാണെന്നാരോപിക്കപ്പെട്ടു. അന്ന് താന്‍ ഒറ്റപ്പെട്ടെന്നും സചിന്‍ പിന്തുണ നല്‍കിയില്ലെന്നും കാംബ്ലി ആരോപിച്ചു.
മുന്‍ കാലങ്ങളിലുംസചിനെതിരെ കാംബ്ലി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ തനിക്ക് പടികള്‍ മാത്രമായിരുന്നു ശരണം എന്നായിരുന്നു മുമ്പ് കാംബ്ലി നടത്തിയ ആരോപണം. ഇതിനൊന്നും മാസ്റ്റര്‍ബ്ലാസ്റ്റര്‍ മറുപടി പറഞ്ഞതേയില്ല. നിശബ്ദത കൊണ്ടാണ് സചിന്‍ തന്റെ സുഹൃത്തിന്റെ വിടുവായത്തത്തെ നേരിട്ടത്. പിന്നീട് കാംബ്ലി തന്നെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് രംഗത്ത് വരികയുണ്ടായി. തെറ്റിദ്ധാരണ കൊണ്ടാണ് സചിനെതിരെ മോശം കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രിയ സുഹൃത്ത് പറയുകയുണ്ടായി.
ഫോം നഷ്ടമാകുമ്പോള്‍ മദ്യപാനം ചെയ്താണ് കാംബ്ലി കരിയര്‍ തുലച്ചതെന്ന് അദ്ദേഹത്തിന്റെ മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തിയിരുന്നു. സചിന്‍ നെറ്റ്‌സില്‍ കൂടുതല്‍ നേരം പരിശീലനം നടത്തി ഫോം വീണ്ടെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.