സചിന്‍റെ ആ റെക്കോഡ് തകർക്കാൻ വേണ്ടത് 58 റൺസ്; ചരിത്ര നേട്ടത്തിനരികെ കോഹ്‌ലി
text_fieldsഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കേ, സീനിയർ താരങ്ങളിലേക്കാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളത്രയും. ട്വന്‍റി20യിൽനിന്ന് വിരമിച്ച സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പരമ്പരയിലൂടെ മികച്ച ഫോമിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിഹാസ താരം സചിൻ തെൻഡുൽക്കറുമായി എപ്പോഴും താരതമ്യത്തിന് വിധേയനാകുന്ന കോഹ്‌ലി, മറ്റൊരു നാഴികക്കല്ലിനു തൊട്ടരികിലാണ്.
രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് എന്ന നേട്ടത്തിലെത്താൻ കോഹ്‌ലിക്ക് ഇനി വേണ്ടത് കേവലം 58 റൺസ് മാത്രമാണ്. 27,000 റൺസ് അതിവേഗത്തിൽ പിന്നിടുന്ന താരമെന്ന റെക്കോഡും താരത്തെ കാത്തിരിപ്പുണ്ട്. 623 ഇന്നിങ്സിൽ (226 ടെസ്റ്റ്, 396 ഏകദിന, ഒരു ട്വന്‍റി20) നിന്ന് ഇത്രയും റൺസ് പിന്നിട്ട സചിന്‍റെ പേരിലാണ് നിലവിൽ റെക്കോഡുള്ളത്. ഇതുവരെ മൂന്ന് ഫോർമാറ്റിലായി 591 ഇന്നിങ്സുകളിൽനിന്ന് 26,942 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.
അടുത്ത എട്ട് ഇന്നിങ്സിനുള്ളിൽ നാഴികക്കല്ലു താണ്ടിയാൽ, 147 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ 600 ഇന്നിങ്സിനുള്ളിൽ 27,000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടവും കോഹ്‌ലിക്ക് കൈപ്പിടിയിലൊതുക്കാം. സചിന് പുറമെ, ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരും രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് പിന്നിട്ടിട്ടുണ്ട്. ഈ മാസം 19നാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിന് തുടക്കമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.