നിർത്താനുള്ള സമയമായി, വിരമിക്കൂ; രോഹിത്തിനെയും കോഹ്ലിയെയും കടന്നാക്രമിച്ച് മുൻ ഇന്ത്യൻ താരം
text_fieldsമുംബൈ: ന്യൂസിലൻഡിനു മുന്നിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര സമ്പൂർണമായി അടിയറവെച്ചതിന്‍റെ ആരാധക രോഷം ഏറ്റവും കൂടുതൽ നേരിടുന്നത് നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയുമാണ്.
തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും ഭീഷണിയിലാണ്. നാട്ടിൽ 12 വർഷത്തിനിടെ ആദ്യമായാണ് ടെസ്റ്റ് പരമ്പര തോൽക്കുന്നത്. നാട്ടിൽ മൂന്നിലധികം മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങുന്നത് ചരിത്രത്തിൽ ആദ്യവും.
ന്യൂസിലൻഡിനെതിരായ മൂന്നു ടെസ്റ്റുകളിൽ ആറു ഇന്നിങ്സുകളിലായി രോഹിത്തിന്‍റെ സമ്പാദ്യം 91 റൺസ് മാത്രമാണ്. 15.16 ആണ് ശരാശരി. മുൻ നായകൻ കൂടിയായ കോഹ്ലിയും നിരാശപ്പെടുത്തി. ആറു ഇന്നിങ്സുകളിൽനിന്നായി 93 റൺസാണ് താരം നേടിയത്. ശരാശരി 15.50. ഒരു മത്സരത്തിൽ 70 റൺസ് നേടിയത് മാറ്റി നിർത്തിയാൽ, ബാക്കി ഇന്നിങ്സുകളിലൊന്നും താരത്തിന് ക്രീസിൽ നിലയുറപ്പിക്കാനായില്ല. മോശം പ്രകടനം ഇരുവരുടെയും ടെസ്റ്റ് ടീമിലെ സ്ഥാനത്തെ കൂടി ചോദ്യം ചെയ്തിരിക്കുകയാണ്.
ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്‍റിലും പരാജയപ്പെട്ടാൽ രോഹിത്തും കോഹ്ലിയും ടെസ്റ്റിൽനിന്ന് വിരമിക്കണമെന്ന് കടന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കർസൻ ദേവ്ജിഭായ് ഘവ്രി. ‘തീർച്ചയായും, 200 ശതമാനം ശരിയാണ്. അവർ വലിയ സ്കോർ നേടണം. അതിനു കഴിഞ്ഞില്ലെങ്കിൽ ഇരുവർക്കും ടെസ്റ്റ് കളി നിർത്താനുള്ള സമയമാണിത്. ആസ്ട്രേലിയയിൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിൽ രോഹിത്തും കോഹ്ലിയും വിരമിക്കണം. ഇരുവരും ഇന്ത്യൻ ക്രിക്കറ്റിനുവേണ്ടി ഒരുപാട് ചെയ്തവരാണ്. പക്ഷേ, ടീമിന് ജയിക്കാൻ റൺസാണ് വേണ്ടത്. ഭാവിയിലേക്കുള്ള ടീമിനെ വളയർത്തിക്കൊണ്ടുവരണം. മോശം ഫോമിലുള്ള താരങ്ങളെ എത്രകാലം ടീമിൽ നിലനിർത്താനാകും’ -ഘവ്രി പറഞ്ഞു.
മോശം ഫോമിനെ തുടർന്ന് ചേതേശ്വർ പൂജാരയെയും അജിങ്ക്യ രഹാനെയെയും ടീമിൽനിന്ന് ഒഴിവാക്കിയതും ഘവ്രി ഓർമിപ്പിച്ചു. ഫോമിലാണെങ്കിൽ ടീമിൽ നിലനിർത്തുക; അല്ലെങ്കിൽ എന്തിന് ടീമിലെടുക്കണമെന്നും അദ്ദേഹം ചോദിച്ചു. ഫാസ്റ്റ് മീഡിയം പേസറായ ഘാവ്രി 1974 മുതൽ 1981 വരെ ഇന്ത്യക്കായി 39 ടെസ്റ്റുകളും 19 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.