രോഹിത്തും കോഹ്ലിയും വിരമിക്കുന്നതിനു മുമ്പ് പാകിസ്താനിൽ കളിക്കണം; അഭ്യർഥനയുമായി മുൻ വിക്കറ്റ് കീപ്പർ
text_fieldsന്യൂഡൽഹി: ആധുനിക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരങ്ങളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയും. ലോകത്തുടനീളം വലിയ ആരാധകവൃന്ദമുള്ള താരങ്ങൾ, പാകിസ്താനിൽ ഒരൊറ്റ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചില്ലെങ്കിലും അവിടെയും ആരാധകർക്ക് കുറവൊന്നുമില്ല. മത്സരങ്ങൾ ഒറ്റക്ക് വിജയിപ്പിക്കാനുള്ള ഇരുവരുടെയും മികവ് തന്നെയാണ് ലോക ക്രിക്കറ്റിൽ ഇരുവരെയും വ്യത്യസ്തമാക്കുന്നത്.
അണ്ടർ -19 ഇന്ത്യൻ ടീമിനൊപ്പം കോഹ്ലി പാകിസ്താനിൽ കളിച്ചിട്ടുണ്ട്. കരിയറിലെ സായാഹ്നത്തിൽ നിൽക്കുന്ന കോഹ്ലിയും രോഹിത്തും പാകിസ്താൻ മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നത് അവിടുത്തെ വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകർ ഏറെനാളായി സ്വപ്നം കാണുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് പാകിസ്താനുമായുള്ള പരമ്പര ഇന്ത്യ നിർത്തിയത്. ഐ.സി.സി ടൂർണമെന്‍റിൽ ഒന്നിച്ചുകളിക്കുന്നുണ്ടെങ്കിലും ഉഭയകക്ഷി മത്സരങ്ങൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍റെ ശക്തമായ എതിർപ്പിനിടയിലും വേദി മാറ്റുന്നത് ഉൾപ്പെടെയുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് രോഹിത്തും കോഹ്ലിയും വിരമിക്കുന്നതിനു മുമ്പ് പാകിസ്താനിൽ ഒരു തവണയെങ്കിലും ക്രിക്കറ്റ് കളിക്കണമെന്ന അഭ്യർഥനയുമായി മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ രംഗത്തെത്തിയത്. ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇരുവരും കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
‘വിരമിക്കുന്നതിനു മുമ്പ് കോഹ്ലിയും രോഹിത്തും പാകിസ്താനിൽ വരണം. ലോക ക്രിക്കറ്റിലെ രണ്ടു നക്ഷത്രങ്ങളാണ് ഇരുവരും. ലോകത്തുടനീളം യാത്ര ചെയ്ത് ക്രിക്കറ്റ് കളിക്കുന്നു. ഓരോ ആരാധകനും ഇരുവരെയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ബാറ്റിങ് മികവും മത്സരങ്ങൾ വിജയിപ്പിക്കാനുള്ള കഴിവും കാരണം ഇരുവർക്കും വലിയ ആരാധകവൃന്ദമുണ്ട്’ -കമ്രാൻ അക്മൽ പറഞ്ഞു. 2012-13ലാണ് ഇരുടീമുകളും അവസാനമായി പരമ്പര കളിച്ചത്. ഇതിനുശേഷം ഏഷ്യ കപ്പിലും ഐ.സി.സി ടൂർണമെന്‍റിലും മാത്രമാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ലോക ക്രിക്കറ്റിലെ ഒരു മാതൃക താരമാണ് കോഹ്ലി. ലോകകപ്പ് ജയിച്ച നായകനാണ് രോഹിത്. ലോക ക്രിക്കറ്റിൽ നിലവിലുള്ള മികച്ച പേസറാണ് ജസ്പ്രീത് ബുംറ. കോഹ്ലി, രോഹിത്, ബുംറ എന്നിവരെ പോലുള്ള താരങ്ങൾ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാനെത്തുമ്പോൾ അത് ആരാധകർക്ക് വലിയൊരു അനുഭവമായിരിക്കും. പാകിസ്താനിലെ ആരാധകർക്കും ഇരുവരും ക്രിക്കറ്റ് കളിക്കുന്നത് നേരിട്ട് കാണാനാകുമെന്നും കമ്രാൻ പ്രതികരിച്ചു.
ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ കോഹ്ലിയും രോഹിത്തും കളിക്കുന്നുണ്ട്. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്. 27ന് കാൺപുരിലാണ് രണ്ടാം ടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.