765 റൺസ്, മൂന്നു സെഞ്ച്വറികൾ... ടൂർണമെന്‍റിന്‍റെ താരമായി കോഹ്‍ലി
text_fieldsഅഹ്മദാബാദ്: കപ്പിനും ചുണ്ടിനുമരികെ കിരീടം കൈവിട്ടുപോയ ലോകകപ്പിൽ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്‍ലി. ടൂർണമെന്റിൽ ഉടനീളം ഗംഭീര ഫോമിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തകർപ്പൻ ബാറ്റിങ്ങാണ് ആതിഥേയരെ കലാശക്കളിയിലേക്ക് കൈപിടിച്ചുയർത്തിയത്. ഈ മികവിനാണ് െപ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം കോഹ്‍ലിയെ തേടിയെത്തിയത്.
11 മത്സരങ്ങളിൽനിന്നായി 765 റൺസാണ് ‘കിങ് കോഹ്‍ലി’ അടിച്ചുകൂട്ടിയത്. ഉജ്ജ്വല ഫോമിലുള്ള ഇന്ത്യൻ താരം മൂന്നു സെഞ്ച്വറികളും ആറു അർധ സെഞ്ച്വറികളും ഉൾപ്പെടെയാണ് ഈ ലോകകപ്പിൽ ഇത്രയും റൺസ് അടിച്ചെടുത്തത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺനേടുന്ന കളിക്കാരനെന്ന റെക്കോർഡും ക്രീസിലെ ഈ പടയോട്ടത്തിനിടയിൽ കോഹ്‍ലി സ്വന്തമാക്കി. 95.65 ശരാശരിയിലാണ് 765 റൺസ് വാരിക്കൂട്ടിയത്. 90.3 സ്ട്രൈക്ക് റേറ്റിലാണിത്. ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ബാറ്റിങ് ദുഷ്‍കരമായ ട്രാക്കിൽ 63 പന്തിലായിരുന്നു അർധശതകം.
ഈ ലോകകപ്പ് 35കാരനായ കോഹ്‍ലിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ നേട്ടങ്ങളുടേതാണ്. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഏകദിനത്തിൽ 50 സെഞ്ച്വറി തികക്കുന്ന ആദ്യ കളിക്കാരനായി കോഹ്‍ലി ചരിത്രത്തിൽ ഇടംനേടിയത് ഈ ലോകകപ്പ് കാലത്താണ്. എങ്കിലും, തകർപ്പൻ ഫോമിലായിരുന്ന ടീം കിരീടത്തിന് തൊട്ടരികെ കലാശപ്പോരിൽ പരാജയപ്പെട്ടതിനു പിന്നാലെ ഏറെ നിരാശനായിരുന്നു കോഹ്‍ലി. ഫൈനലിൽ ആദ്യം ബാറ്റുചെയ്ത് 240 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ആറുവിക്കറ്റിനാണ് ആസ്ട്രേലിയ ആറാം തവണ ലോകകപ്പിൽ മുത്തമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.