ലോകക്രിക്കറ്റിൽ ആദ്യം; തിളക്കമാർന്ന റെക്കോഡുമായി കോഹ്ലി
text_fieldsമുംബൈ: ക്രിക്കറ്റിന്‍റെ ഓരോ ഫോർമാറ്റിലും 50 അന്താരാഷ്ട്ര വിജയങ്ങൾ നേടിയ ആദ്യ കളിക്കാരൻ എന്ന റെക്കോഡ് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി. മുംബൈയിൽ ന്യൂസിലൻഡിനെതിരെ കോഹ്ലിയുടെ 50ാം ടെസ്റ്റ് വിജയമായിരുന്നു. 50 ടെസ്റ്റ് വിജയങ്ങൾക്കൊപ്പം 153ഏകദിനങ്ങളിലും 59 ട്വന്‍റി20 വിജയങ്ങളിലും കോഹ്ലി പങ്കാളിയായിട്ടുണ്ട്.
കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്ന് വിശ്രമമെടുത്ത കോഹ്ലി രണ്ടാം ടെസ്റ്റിൽ ടീമിന്‍റെ കടിഞ്ഞാൺ ഏറ്റെടുത്തിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ റൺസ് അടിസ്ഥാനത്തിലെ ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് (372 റൺസ്) ഇന്ത്യ കുറിച്ചത്.
സ്വന്തം മണ്ണിലെ ഇന്ത്യയുടെ തുടർച്ചയായ 14ാം പരമ്പര വിജയമാണിത്. അതോടൊപ്പം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തങ്ങളെ തോൽപിച്ച കിവീസിനെ മറികടന്ന് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും കോഹ്ലിക്കും സംഘത്തിനുമായി.
ഇന്ത്യയിലെ കോഹ്ലിയുടെ തുടർച്ചയായ 11ാം ടെസ്റ്റ് പരമ്പര വിജയമാണിത്. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ തുടർച്ചയായി നാലാം തവണയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. 1988 ലാണ് കിവീസ് അവസാനമായി ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിച്ചത്.
കാൺപൂരിൽ നടന്ന ആവേശകരമായ ഒന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു. അഞ്ചാം ദിവസത്തെ മൂന്നാം സെഷനിൽ 52 പന്തുകൾ പിടിച്ചുനിന്ന കിവീസിന്‍റെ രചിൻ രവീന്ദ്രയും അജാസ് പേട്ടലുമാണ് ഇന്ത്യയിൽ നിന്ന് ജയം തട്ടിയകറ്റിയത്.
എന്നാൽ മുംബൈ ടെസ്റ്റിന്‍റെ നാലാം ദിനം ആദ്യ സെഷനിൽ വെറും 43 മിനിറ്റിൽ ഇന്ത്യ മത്സരം അവസാനിപ്പിച്ചു. അഞ്ചിന് 140 റൺസെന്ന നിലയിൽ പാഡുകെട്ടിയിറങ്ങിയ കിവികൾ 167ന് കൂടാരം കയറി. ഇന്ത്യക്കായി ജയന്ത് യാദവും ആർ. അശ്വിനും നാലുവിക്കറ്റ് വീതം വീഴ്ത്തി. അക്സർ പേട്ടൽ ഒരു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.