സചിന്‍റെയും ശാകിബിന്‍റെയും റെക്കോഡിനൊപ്പമെത്തി കോഹ്ലി; ഡീകോക്കിനെ മറികടന്ന് റൺവേട്ടക്കാരിൽ ഒന്നാമൻ
text_fieldsഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെയും ബംഗ്ലാദേശ് നായകൻ ശാകിബുൽ ഹസന്‍റെയും റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം തവണ 50ലധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡിലാണ് കോഹ്ലിയും എത്തിയത്. ഈ ലോകകപ്പിൽ ഏഴാം 50 പ്ലസ് ഇന്നിങ്സാണ് ഡച്ചുകാർക്കെതിരെ കോഹ്ലി നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും. 2003ല്‍ സചിനാണ് ആദ്യം ഈ റെക്കോഡിലെത്തിയത്. 2003 ലോകകപ്പില്‍ മാസ്റ്റർ ബ്ലാസ്റ്റർ 11 മത്സരങ്ങളില്‍നിന്ന് 673 റണ്‍സ് നേടിയിരുന്നു. ഇതിൽ ആറ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടും. 2019 ലോകകപ്പിൽ ശാകിബും ഈ റെക്കോഡിലെത്തി. എട്ട് മത്സരങ്ങളില്‍നിന്ന് 606 റണ്‍സാണ് അന്ന് താരം അടിച്ചെടുത്തത്. അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉൾപ്പെടും.
ഡച്ചുകാർക്കെതിരെ കോഹ്ലി 53 പന്തിൽ 51 റൺസെടുത്ത് പുറത്തായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം 50ാം ഏകദിന സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ അപൂർവ നിമിഷത്തിനായി ആരാധകർക്ക് ഇനിയും കാത്തിരിക്കണം. എന്നാൽ, അർധ സെഞ്ച്വറിയോടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്താൻ താരത്തിനായി. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്‍റൺ ഡീകോക്കിനെയാണ് താരം മറികടന്നത്.
ഈ ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍നിന്ന് കോഹ്ലി 594 റണ്‍സെടുത്തിട്ടുണ്ട്. ഡീകോക്ക് ഒമ്പത് മത്സരങ്ങളിൽ 591 റൺസുമായി രണ്ടാമതാണ്. ഇരുവരുടെയും മുന്നിൽ ഇനി സെമി ഫൈനല്‍ മത്സരമാണുള്ളത്. ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലൻഡുമായും രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.