കോഹ്ലിയുടെ കൂറ്റൻ സിക്സിൽ ചെപ്പോക്കിന്‍റെ ചുമര് ‘തവിടുപൊടി’; നെറ്റ് പരിശീലന വിഡിയോ കാണാം...
text_fieldsചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ഈമാസം 19ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് (ചെപ്പോക്ക്) ഒന്നാം ടെസ്റ്റ്.
വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ എന്നിവരെല്ലാം രോഹിത് ശർമ നയിക്കുന്ന ടെസ്റ്റ് ടീമിലുണ്ട്. ഇടവേളക്കുശേഷം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്ത്യക്കായി ടെസ്റ്റ് കളിക്കും. ശനിയാഴ്ച നെറ്റ്സിൽ ഇന്ത്യൻ താരങ്ങൾ രണ്ടാംവട്ട പരിശീലനം നടത്തി. നെറ്റ്സിൽ ബാറ്റിങ്ങിനിടെ കോഹ്ലിയുടെ കൂറ്റനടിയിൽ ചെപ്പോക്കിന്‍റെ ചുമർ തകർന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ ടീമിന്‍റെ ഡ്രസ്സിങ് റൂമിനു സമീപത്തെ ചുമരാണ് പന്ത് കൊണ്ട് ഭാഗികമായി തകർന്നത്. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ പരിശീലനം നടത്തുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് ബുംറയും ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്.
പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ആദ്യ ഹോം മത്സരം എന്ന പ്രത്യേകതയും പരമ്പരക്കുണ്ട്. പുതിയ ബൗളിങ് പരിശീലകൻ ദക്ഷിണാഫ്രിക്കയുടെ മോർണി മോർക്കലും സഹ പരിശീലകൻ അഭിഷേക് നായരും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ലണ്ടനിൽനിന്ന് കഴിഞ്ഞദിവസമാണ് കോഹ്ലി ടീമിനൊപ്പം ചേരാനായി ചെന്നൈയിലെത്തിയത്. ആഗസ്റ്റിൽ ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര നഷ്ടപെട്ടതിന്‍റെ നിരാശയിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്. മറുവശത്ത് പാകിസ്താനെതിരെ അവരുടെ മണ്ണിൽ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് എത്തുന്നത്.
10 ടെസ്റ്റുകളാണ് സീസണിൽ ഇന്ത്യ കളിക്കുന്നത്. ബംഗ്ലാദേശ് പരമ്പരക്കുശേഷം ന്യൂസിലൻഡിനെതിരെയും ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെയും ഇന്ത്യ ടെസ്റ്റ് കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.