‘റൺ മെഷീൻ’ ഇനിയും പ്രവർത്തിക്കും; സചിനെയും പിന്നിലാക്കി കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം
text_fieldsപെർത്ത്: ആസ്ട്രേലിയക്കെതിരെ കളിക്കാനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ച നാൾ മുതൽ സൂപ്പർ താരം വിരാട് കോഹ്‌ലി വിമർശകരുടെ റഡാറിലുണ്ടായിരുന്നു. സമീപകാല പ്രകടനങ്ങളെല്ലാം മോശമായ താരത്തെ മാറ്റിനിർത്തേണ്ട സമയമായെന്നായിരുന്നു മുഖ്യ വിമർശനം. ടോപ് ഓഡറിൽ കോഹ്‌ലിയെ പോലെ സെഞ്ച്വറി വരൾച്ച നേടുന്ന മറ്റൊരു ടെസ്റ്റ് ബാറ്റർ ഇല്ലെന്നായിരുന്നു ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ വിമർശനം. എന്നാൽ ഓസീസ് മണ്ണിൽ, അവരുടെ ബാറ്റർമാർ പരാജയപ്പെട്ടിടത്ത് തന്നെ സെഞ്ച്വറി നേടിയാണ് താരം ഇതിനുള്ള മറുപടി നൽകിയത്.
‘റൺ മെഷീൻ’ എന്ന വിളിപ്പേരുള്ള കോഹ്‌ലി സെഞ്ച്വറി നേടത്തോടെ വീണ്ടും ആരാധക പ്രശംസ നേടുകയാണ്. റൺ മെഷീനിന് ഇടക്ക് മെയിന്റനൻസ് വേണ്ടി വരുമെന്നും ഇനിയും ഏറെക്കാലം പ്രവർത്തിക്കുമെന്നുമാണ് ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതിഹാസ താരം സചിൻ തെൻഡുൽക്കർ പോലും ഇടക്കാലത്ത് ഫോം ഔട്ട് ആയിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. പെർത്തിൽ അഞ്ച് ഇന്ത്യൻ ബാറ്റർമാർ മാത്രമാണ് സെഞ്ച്വറി നേടിയിട്ടുള്ളത്. കോഹ്‌ലിക്ക് ഇവിടെ രണ്ടാമത്തെ സെഞ്ച്വറിയാണ്. ഇതേ വേദിയിൽ 2018ലും താരം സെഞ്ച്വറി നേടിയിരുന്നു.
ഞായറാഴ്ച ടെസ്റ്റ് കരിയറിലെ തന്റെ 30-ാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി ആസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. ആസ്ട്രേലിയയിൽ താരത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്. ഓസീസ് മണ്ണിൽ ആറ് സെഞ്ച്വറി നേടിയ സചിനെയാണ് മറികടന്നത്. സുനിൽ ഗവാസ്കർ (അഞ്ച്), വി.വി.എസ്. ലക്ഷ്മൺ (നാല്), ചേതേശ്വർ പുജാര (മൂന്ന്) എന്നിവരാണ് സചിന് പിന്നിലുള്ളത്. ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ -ആസ്ട്രേലിയ ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പെത്താനും കോഹ്‌ലിക്കായി.
ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നെ ബൗണ്ടറി കടത്തിയാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. ആകെ 143 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 100 റൺസുമായി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം 77 റൺസ് കൂട്ടിച്ചേർക്കാനും കോഹ്‌ലിക്കായി. ആറിന് 487 റൺസ് എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 534 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആസ്ട്രേലിയ 238ന് പുറത്തായി. 295 റൺസിനാണ് ഇന്ത്യ ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.