100-ാം ടെസ്റ്റ് കളിക്കുന്ന കോഹ്‌ലിക്ക് ദ്രാവിഡിൻെറ വക തൊപ്പി സമ്മാനം
text_fieldsകരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങി ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി. താരത്തിന് പ്രത്യേക തൊപ്പി നൽകി അഭിനന്ദനമറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. വിശിഷ്ട വേളയിൽ പങ്കെടുക്കാൻ കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും എത്തി. 100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ 71 ാം താരവുമാണ് കോഹ്‌ലി. കോഹ്‌ലിയുടെ ജീവിതത്തിൽ വരാനിരിക്കുന്ന നല്ല മുഹൂർത്തങ്ങളുടെ തുടക്കം മാത്രമാണിതെന്ന് ദ്രാവിഡ് പറഞ്ഞു.
'കോഹ്‌ലിക്ക് തന്‍റെ നേട്ടങ്ങളില്‍ അഭിമാനിക്കാം. എപ്പോഴും കോഹ്‌ലിയില്‍ വലിയ പ്രതീക്ഷയും സമ്മര്‍ദവുണ്ട്. എന്നിട്ടും 50 ബാറ്റിങ് ശരാശരി നേടാനായി. എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. ലോകത്തെ എല്ലായിടത്തും തിളങ്ങി. ഒരു താരം കൂടി 100ാം ടെസ്റ്റ് കളിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാന നിമിഷമാണ്. എളുപ്പം സാധിക്കുന്ന കാര്യമല്ലിത്. കോഹ്ലിയുടെ കഠിനാധ്വാനത്തിന്‍റെ ഫലിമാണ് ഇവിടെ എത്തി നിൽക്കുന്നത്. അതിനാല്‍ കോഹ്‌ലി ഈ നേട്ടത്തിന് വളരെ അര്‍ഹനാണ്' -രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
താൻ കുട്ടിക്കാലത്ത് ഏറെ ആരാധിച്ചിരുന്ന നായകന്മാരിൽനിന്ന് നൂറാം ടെസ്റ്റ് മത്സര ക്യാപ് സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്ന് കോഹ്‌ലി പറഞ്ഞു. ഈ അവസരത്തിൽ ഭാര്യ അനുഷ്കയും സഹോദരനും കൂടെയുള്ളത് സന്തോഷത്തിന് മാറ്റു കൂട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുനിൽ ഗവാസ്‌കൾ, ദിലീപ് വെങ് സർക്കാർ, കപിൽദേവ്, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിങ്ങലെ മുമ്പ് 100 ടെസ്റ്റിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ 11 താരങ്ങളുടെ പട്ടികയിൽ ഇനി കോഹ്‌ലിയും ചേരും.
2011 ജൂണിൽ ജെമെയ്ക്കയിൽ വെസ്റ്റിൻഡീസിനെതിരേയായിരുന്നു കോഹ്‌ലിയുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ 10ഉം 15ഉം ആയിരുന്നു കോഹ്‌ലി നേടിയത്. തുടർന്ന് ഇതുവരെ 99 മത്സരങ്ങളിൽ നിന്ന് 50.39 ശരാശരിയിൽ 7962 റൺസാണ് താരത്തിന്റെ സമ്പാദ്യം. 254 നോട്ടൗട്ട് ആണ് ഉയർന്ന സ്‌കോർ. 27 സെഞ്ചുറികളും 28 അർധസെഞ്ച്വറികളും കോഹ്‌ലിയുടെ പേരിലുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കക്കെതിരെയാണ് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് നടക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബംഗളൂരുവിൽ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മൊഹാലി ടെസ്റ്റിന്റെ ടിക്കറ്റുകൾ നാളെ മുതൽ ഓൺലൈൻ ആയി ലഭ്യമാകും. കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് രോഹിത് ശർമ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.