ഔട്ടായതിനു പിന്നാലെ ‘കൈവിട്ട ആഘോഷം’; ബംഗ്ലാദേശ് താരത്തോട് കൊമ്പുകോർത്ത് വിരാട് കോഹ്ലി
text_fieldsധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാംദിനം ഇന്ത്യ സൂപ്പർതാരം വിരാട് കോഹ്ലിക്ക് കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ഫീൽഡിങ്ങിനിടെ ആതിഥേയരുടെ ടോപ് സ്കോറർ ലിറ്റൻ ദാസിനെ പുറത്താക്കാൻ സ്ലിപ്പിൽ രണ്ടു തവണ അവസരം ലഭിച്ചിട്ടും കോഹ്ലി പരാജയപ്പെട്ടു.
98 പന്തിൽ 73 റൺസെടുത്ത് ബംഗ്ലാദേശിന്‍റെ ടീം ടോട്ടൽ ഉയർത്തുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. ഇതിനിടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ കോഹ്ലിയും ബംഗ്ലാദേശ് സ്‌പിന്നര്‍ തൈജുല്‍ ഇസ്‌ലാമും തമ്മില്‍ കൊമ്പുകോർക്കുന്നതിനും മൈതാനം സാക്ഷിയായി.
22 പന്തിൽ ഒരു റണ്ണുമായി കോഹ്ലി പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. മെഹ്ദി ഹസന്‍ മിര്‍സക്കായിരുന്നു വിക്കറ്റ്. പുറത്തായതിന്‍റെ നിരാശയിൽ നിർക്കുന്നതിനിടെ, തൈജുല്‍ ഇസ്‌ലാമിന്‍റെ കൈവിട്ട ആഘോഷമാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. ഉടന്‍ തന്നെ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനും അമ്പയർമാരും ഇടപെട്ടു. തൈജുലിനുനേരെ നോക്കി എന്തൊക്കെയോ പറഞ്ഞശേഷമാണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ജയത്തിനായി ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ പ്രതിരോധത്തിലാണ്. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ സന്ദർശകർക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 45 റൺസാണുള്ളത്. രണ്ടു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനിയും നൂറു റൺസ് കൂടി വേണം.
നേരത്തെ, ആതിഥേയർ രണ്ടാം ഇന്നിങ്സിൽ 231 റൺസിനു പുറത്തായിരുന്നു. 145 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽവെച്ചത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്നു റൺസെടുത്ത് നിൽക്കുമ്പോൾ രണ്ടു റൺസ് മാത്രമെടുത്ത് നായകൻ കെ.എൽ. രാഹുൽ പുറത്തായി. ഷാക്കിബ് അല്‍ ഹസന്റെ പന്തിൽ വിക്കറ്റ് കീപ്പർ നൂറുൽ ഹസന്‍ ക്യാച്ചെടുത്താണു മടങ്ങിയത്. പിന്നാലെ ചേതേശ്വർ പൂജാര (12 പന്തിൽ ആറ്), ശുഭ്മാൻ ഗിൽ (35 പന്തിൽ ഏഴ്), വീരാട് കോഹ്ലി (22 പന്തിൽ ഒന്ന്) എന്നിവരും വേഗത്തിൽ മടങ്ങി.
26 റൺസുമായി അക്സർ പട്ടേലും മൂന്നു റൺസുമായി ജയ്ദേവ് ഉനദ്ഘട്ടുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മൂന്നു വിക്കറ്റ് നേടി. ഷാകിബ് അൽ ഹസൻ ഒരു വിക്കറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.