ക്രിക്കറ്റിലെ ‘സ്നേഹമാന്യൻ’; വീണ്ടും ഹൃദയം കവർന്ന് ഇന്ത്യക്കാരുടെ സ്വന്തം കോഹ്‌ലി
text_fieldsലോകകപ്പ് ലീഗ് റൗണ്ടിലെ ഒമ്പതാം മത്സരത്തിൽ നെതർലൻഡ്സിനെ 160 റൺസിന് തകർത്ത ഇന്ത്യ സെമിയിലേക്ക് മുന്നേറിയിരുന്നു. ലോകകപ്പിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ നെതർലൻഡ് രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. ഇന്ത്യയാകട്ടെ സമ്പൂർണവിജയവുമായാണ് ലീഗ് മത്സരങ്ങൾ അവസാനിപ്പിക്കുന്നത്. മത്സരശേഷം ഇരുടീമുകളുടേയും കളിക്കാർ തമ്മിൽ സൗഹൃദം പങ്കുവച്ചത് മൈതാനത്തെ മനോഹര കാഴ്ച്ചയായി. പതിവുപോലെ വിരാട് കോഹ്‌ലി തന്നെയാണ് സൗഹൃദ ലോകത്തെ മിന്നും താരമായത്.
കളിക്കു ശേഷം വിരാട് കോഹ്‌ലി തന്റെ ജേഴ്‌സി മത്സരത്തിൽ തന്നെ പുറത്താക്കിയ വാൻ ഡെർ മെർവെയ്‌ക്ക് സമ്മാനിച്ച് ആശ്ലേഷിച്ചു. നെതർലൻഡ്‌സിന്‍റെ ഓൾറൗണ്ടറായ മെർവെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി കളിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടുതന്നെ കോഹ്ലിയുടെ സുഹൃത്തുകൂടിയാണ് ഇദ്ദേഹം. ചില നെതർലൻഡ് കളിക്കാരാകട്ടെ മത്സരശേഷം കാണികൾക്ക് കൈകൊടുത്തും സഹതാരങ്ങളെ പുണർന്നുമാണ് കളിക്കളം വിട്ടത്. ചിലരുടെ കണ്ണുകൾ ഈറനണിയുന്നതും കാണാമായിരുന്നു. ഈ നിമിഷങ്ങളുടെ വിഡിയോ ഐ.സി.സി തങ്ങളുടെ സമൂഹമാധ്യമ അകൗണ്ടുകൾ വഴി പുറത്തുവിട്ടിട്ടുണ്ട്.
കോഹ്‌ലി, ക്രിക്കറ്റിലെ സ്നേഹമാന്യൻ
കളിക്കളത്തിൽ ഏറ്റവും അഗ്രസീവായി പെരുമാറുകയും കളി കഴിഞ്ഞാൽ അത്രയും ആഴത്തിൽ സൗഹൃദം പങ്കിടുകയും ചെയ്യുന്ന ഇന്ത്യൻ താരമാണ് വിരാട് കോഹ്‌ലി. കോഹ്ലിയുടെ പാക് താരങ്ങളുമായുള്ള സൗഹൃദം സംഘപരിവാർ അനുയായികളളെ കുറച്ചൊന്നുമല്ല അരിശം കൊള്ളിക്കുന്നത്. ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീർ ഉൾപ്പടെ കോഹ്ലിയെ പല സന്ദർഭങ്ങളിൽ ഇതുപറഞ്ഞ് അപമാനാനിക്കാനും അവമതിക്കാനും ശ്രമിച്ചിട്ടുമുണ്ട്.
ട്വന്‍റി 20 യിലെ സൗഹൃദം
2021ൽ നടന്ന ട്വന്‍റി 20 ലോകകപ്പിൽ ദുബൈയിൽ നടന്ന മത്സരത്തിൽ കോഹ്ലിയുടെ പെരുമാറ്റം ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന പേരിലാണ് ആഘോഷിക്കപ്പെട്ടത്.അന്ന് ഇന്ത്യയെ സമസ്ത മേഖലയിലും നിഷ്പ്രഭരാക്കി പാകിസ്താൻ ചരിത്രം തിരുത്തി എഴുതിയിരുന്നു. ഇന്ത്യ ഉയർത്തിയ152 റൺസ് വിജയലക്ഷ്യം ഓപണർമാരായ മുഹമ്മദ് റിസ്വാനും (79*) ക്യാപ്റ്റൻ ബാബർ അസമും (69*) ചേർന്ന് അനായാസം വെട്ടിപ്പിടിച്ചതോടെ പാകിസ്താൻ 10 വിക്കറ്റിന്‍റെ ഉജ്വല വിജയം സ്വന്തമാക്കിയിരുന്നു. ഒരു ലോകകപ്പിൽ ആദ്യമായാണ് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചത്.
അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കോഹ്ലിയുടെ പെരുമാറ്റം ഏവരുടെയും ഇഷ്ടം ഒരിക്കൽ കൂടി നേടിയെടുത്തിരുന്നു. പാകിസ്താനി ഓപണർമാരെ പുഞ്ചിരിച്ച് അഭിനന്ദിക്കുന്ന കോഹ്ലിയുടെ ചിത്രമായിരുന്നു ഇന്ത്യ-പാക് മത്സരത്തിന്‍റെ ഏറ്റവും മനോഹരമായ ബാക്കിപത്രം. ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത റിസ്വാനെ കോഹ്‌ലി ആലിംഗനം ചെയ്യുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു.
തോൽവിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്‍റെ ആ സൗന്ദര്യമുള്ള കാഴ്ച ഓരോ ഇന്ത്യൻ ആരാധകനിലും പുഞ്ചിരി വിടർത്തി. അന്ന് ക്രിക്കറ്റ് ആരാധകരുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും വൈറൽ ചിത്രം സ്ഥാനം നേടി. കോഹ്ലിയും അഫ്ഗാൻ താരം നവീദുൽ ഹഖുമായുള്ള കളിക്കളത്തിലെ തർക്കങ്ങളും പിന്നീടുള്ള സൗഹൃദവും ഇടക്കാലത്ത് വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.