പൊളിച്ചു മക്കളേ....ബോക്സിങ് ഡേ ടെസ്റ്റിൽ ഓസീസിനെ തകർത്ത ടീം ഇന്ത്യക്ക് അഭിനന്ദനവുമായി കോഹ്ലി
text_fieldsമെൽബൺ: ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ബോർഡർ -ഗവാസ്കർ ട്രോഫിയിൽ 1-1ന് ഒപ്പമെത്തിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം. നായകൻ വിരാട് കോഹ്ലിയടക്കം ടീമിന്‍റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിച്ച കോഹ്ലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെയുടെ കീഴിലായിരുന്നു ഇന്ത്യയുടെ മിന്നും വിജയം.
'ഇത് എന്തൊരു വിജയമാണ്, മുഴുവൻ ടീമിന്‍റെയും അത്ഭുതകരമായ ശ്രമം. ടീമിനെ മിന്നും വിജയത്തിലേക്ക് നയിച്ച ബോയ്സിനും പ്രത്യേകിച്ച് നായകൻ രഹാനെയുടെയും പ്രകടനത്തിൽ അതീവ സന്തോഷം' -കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. നാലാം ദിനം രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസ് 200 റൺസിന് പുറത്തായി. 69 റൺസ് മാത്രമായിരുന്നു ആതിഥേയരുടെ ലീഡ്. മായങ്ക് അഗർവാളിന്‍റെയും (5) ചേതേശ്വർ പുജാരയുടെയും (3) വിക്കറ്റുകൾ നേരത്തെ നഷ്ടമായെങ്കിലും സ്റ്റൈലിഷ് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗില്ലും (35*) രഹാനെയും (27*) ടീമിനെ അനായാസം വിജയതീരമണച്ചു.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി (112) ടീമിന്‍റെ നട്ടെല്ലാവുകയും ഗ്രൗണ്ടിൽ മികച്ച ക്യാപ്റ്റൻസിയും കാഴ്ചവെച്ച രഹാനെക്ക് തീർച്ചയായും വിജയത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാനാകും. ആദ്യ ടെസ്റ്റിൽ അഡ്ലെയ്ഡിൽ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിന് പുറത്തായി (36/9) നാണം കെട്ട ഇടത്ത് നിന്നാണ് 2020ന് മിന്നും വിജയത്തോടെ അവസാനം കുറിച്ചത്.
ബോക്സിങ് ഡേ ടെസ്റ്റിലെ മികച്ച കളിക്കാരന് സമ്മാനിക്കുന്ന മുല്ലാഗ് മെഡലിന് രഹാനെ അർഹനായി. വിരാട് കോഹ്ലി, രോഹിത് ശർമ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യത്തിൽ നേടിയ വിജയം ടീമിന്‍റെ ഒത്തിണക്കത്തിന്‍റെ ഫലമാണ്. മത്സരശേഷം മികച്ച പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരായ ഗില്ലിനെയും ബൗളർ മുഹമ്മദ് സിറാജിനെയും രഹാനെ അഭിനന്ദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.