വീണ്ടും പുഷ്പയായി കോഹ്‍ലി; വെടിക്കെട്ടിന് 'ഫയർ' കൊടുക്കണമെന്ന് ആരാധകർ
text_fieldsഅല്ലു അർജുൻ നായകനായ പുഷ്പ എന്ന ബ്രഹ്മാണ്ഡ സിനിമക്കൊപ്പം ഹിറ്റായതാണ് അതിലെ ചില ആംഗ്യങ്ങളും. നായകനായ അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രത്തിന്റെ താടി തടവുന്ന രംഗം അതിൽ പ്രധാനമാണ്. ഒരുപാട് സെലിബ്രിറ്റികൾ പിന്നീട് ഈ താടി തടവൽ അനുകരിച്ചിരുന്നു. നിരവധി അഭിനേതാക്കളും ക്രിക്കറ്റ് കളിക്കാരും ഇതിൽ ഉൾെപ്പടുന്നു. രവീന്ദ്ര ജഡേജ, ഡേവിഡ് വാർണർ, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം ആ പട്ടികയിലുണ്ട്. എന്നാൽ വിരാട് കോഹ്‍ലിയാണ് പുഷ്പയെ ഏറ്റവും അധികം അനുകരിച്ചിട്ടുള്ളത്. നേരത്തേ മൂന്നുനാല് തവണ പുഷ്പയായി കളിക്കളത്തിൽ വിലസിയ വിരാട് വീണ്ടും തന്റെ താടി തടവൽ വൈറലാക്കിയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള നെറ്റ് സെഷനിലാണ് അല്ലു അർജുന്റെ ആംഗ്യത്തെ കോഹ്‌ലി വീണ്ടും അനുകരിച്ചത്. ശുഭ്‌മാൻ ഗില്ലിനൊപ്പം ചിരിച്ച് നിൽക്കുന്ന കോഹ്‍ലി പെട്ടെന്ന് പുഷ്പയായി മാറുകയായിരുന്നു. സംഗതി ആരോ വീഡിയോയി പകർത്തി സമൂഹമാധ്യമത്തിൽ ഇട്ടതോ വൈറലായി. ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന തങ്ങളുടെ പ്രിയ താരം ഈ ടെസ്റ്റിൽ സെഞ്ചുറി അടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചപ്പോൾ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിയത്. അന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്‌സിൽ 225 പന്തിൽ 149 റൺസ് താരം നേടി.
It's Kohli's 4th time😁🔥💥#PushpaTheRule @AlluArjun pic.twitter.com/voKZXDraJf
— Allu Arjun TFC™ (@AlluArjunTFC) July 1, 2022
ഇന്ത്യൻ ക്യാമ്പിലുണ്ടായ കോവിഡ് ബാധയെത്തുടർന്നാണ് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ അവസാന മത്സരം കഴിഞ്ഞ സെപ്റ്റംബറിൽ മാറ്റിവെച്ചത്.
നിലവിൽ കോവിഡ് പോസിറ്റിവായ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുന്നില്ല. തുടർപരിശോധനയിലും പോസിറ്റിവായതോടെയാണ് രോഹിത്തിന് വിശ്രമം അനുവദിക്കേണ്ടി വന്നത്. ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. കോവിഡ് മുക്തനായി ഓൾ റൗണ്ടർ ആർ. അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് സമനിലയെങ്കിലും നേടിയാൽ ഇംഗ്ലണ്ട് മണ്ണിലെ നാലാം പരമ്പര നേട്ടം ആഘോഷിക്കാം. ഏറ്റവുമൊടുവിൽ 2007 ലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ വെന്നിക്കൊടി പാറിച്ചത്. അന്ന് ഇന്ത്യൻ സംഘത്തെ നയിച്ച രാഹുൽ ദ്രാവിഡ് ഇന്ന് ടീമിന്റെ മുഖ്യപരീശീലകനായി മറ്റൊരു ടൂർണമെന്റ് വിജയത്തിനുള്ള തയാറെടുപ്പിലാണ്.
കാലം മാറുമ്പോൾ കോലവും മാറുമെന്നതു പോലെ കഴിഞ്ഞ സെപ്റ്റംബറിലെ ടീമുകളല്ല ഏറ്റുമുട്ടുന്നത്. ഇരുടീമുകളുടെയും നായകന്മാരും പരിശീലകരും പുതിയ ആളുകളാണ്. ഇംഗ്ലണ്ടിനെപോലെ അടിമുടി ഉടച്ചുവാർത്തിട്ടില്ലെങ്കിലും തലയും തലച്ചോറും മാറിയാണ് ഇന്ത്യയുമിറങ്ങുന്നത്. വിരാട് കോഹ്ലി സംഘത്തിലുണ്ടെങ്കിലും അന്നത്തെ പരിശീലകൻ രവി ശാസ്ത്രി പടിയിറങ്ങി. പ്രധാന ഓപണർമാരുടെ അഭാവത്തിൽ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ് ദുഷ്കരമാവും.
മുൻ ന്യൂസിലൻഡ് ബാറ്റർ ബ്രണ്ടൻ മക്കല്ലം പരിശീലകനും ലോകോത്തര ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നായകനുമായ പുതിയ ഇംഗ്ലണ്ട് ടീം വിജയദാഹികളായ ആക്രമണോത്സുക സംഘമായി മാറി. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻ ന്യൂസിലൻഡിനെതിരെ പരമ്പരയിൽ നേടിയ ത്രസിപ്പിക്കുന്ന വിജയങ്ങൾ ഇത് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.