മറികടക്കുമോ കോഹ്‌ലി സെവാഗിന്റെയും ദ്രാവിഡിന്റെയും റെക്കോഡുകൾ..!
text_fieldsസെഞ്ചൂറിയൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ് മത്സരം സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നാളെയാണ് ആരംഭിക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനൽ കഴിഞ്ഞ് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ സീനിയർ താരങ്ങളടങ്ങുന്ന ടീം ഇന്ത്യയാണ് കളിത്തിലിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കയിലെത്തി ട്വന്റി പരമ്പര സമനിലയിൽ പിടിക്കുകയും ഏകദിനത്തിൽ 2-1 ജയം നേടുകയും ചെയ്ത ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ തുടങ്ങിയവരുടെ സാന്നിധ്യം കരുത്തുപകർന്നേക്കും.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ നാലാമതുള്ള വിരാട് കോഹ്‌ലിക്ക് രാഹുൽ ദ്രാവിഡിനെയും വീരന്ദർ സെവാഗിനെയും മറിക്കാൻ കഴിഞ്ഞേക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ 14 ടെസ്റ്റുകൾ കളിച്ച വിരാട് 56.18 ശരാശരിയിൽ 1236 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് കൂടി ചേർത്താൽ രാഹുൽ ദ്രാവിഡിനെ മറികടക്കാനായേക്കും. 1252 റൺസാണ് ദ്രാവിഡിന്റെ പേരിലുള്ളത്. 15 ടെസ്റ്റുകളിൽ നിന്ന് 1306 റൺസുമായി പട്ടികയിൽ രണ്ടാമതുള്ള സെവാഗിനെ മറികടക്കാൻ 70 റൺസ് മാത്രം മതി.
അതേ സമയം, ഒന്നാം സ്ഥാനത്തുള്ള സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനെ മറികടക്കുക എളുപ്പമല്ല. 25 ടെസ്റ്റുകളിൽ നിന്ന് 42.46 ശരാശരിയിൽ 1741 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയത്. രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാടിന് 505 റൺസും അതിൽ കൂടുതലും സ്കോർ ചെയ്താലെ ഒന്നാമതെത്താനാകൂ.
വിരാട് കോഹ്‌ലിയെ കാത്ത് മറ്റൊരു റെക്കോഡ് കൂടിയുണ്ട്. ആക്ടീവ് ബാറ്റര്‍മാരില്‍ എവേ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാൻ ഇനി രണ്ടു സെഞ്ച്വറി മാത്രമേ േവണ്ടതുള്ളൂ. 15 സെഞ്ച്വറികൾ നേടിയ കോഹ്‌ലിക്ക് മുന്നിലുള്ളത് 16 സെഞ്ച്വറിയുമായി ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മാത്രമാണ്.
അതേസമയം, ഏകദിന ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന വിരാട് കോഹ്ലി ടെസ്റ്റിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ 765 റൺസ് നേടിയ കോഹ്‌ലിയായിരുന്നു ലോകകപ്പിലെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.