‘ഒന്നുകിൽ എന്റെ വഴി അല്ലെങ്കിൽ പെരുവഴി’; കോഹ്‌ലിയുടെ ക്യാപ്റ്റൻസി രീതിയെ വിമർശിച്ച് ഉത്തപ്പ
text_fieldsഇന്ത്യയുടെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി രീതി ‘ഒന്നുകിൽ എന്റെ വഴി അല്ലെങ്കിൽ പെരുവഴി’ എന്നതായിരുന്നുവെന്ന് മുൻ താരം റോബിൻ ഉത്തപ്പ. എല്ലാവരും തന്നെപ്പോലെ ആയാൽ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നതായിരുന്നു കോഹ്‌ലിയുടെ സമീപനം. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമായിരുന്നില്ല കോഹ്‌ലിയുടേതെന്നും ഉത്തപ്പ ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോഹ്‌ലിയുടെ നേതൃഗുണം നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമയുടേതുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഉത്തപ്പയുടെ പരാമർശം.
“വിരാടിന്റെ നായകത്വം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നില്ല. തന്നെപ്പോലെ ആയാൽ മാത്രമേ അടുത്തയാളും ടീമിൽ കളിക്കാൻ കൊള്ളാവുന്ന ആളാകൂ എന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ഫിറ്റനസ്, ഭക്ഷണരീതി എല്ലാത്തിലും അദ്ദേഹത്തിന്റേതായ രീതിയുണ്ട്. എന്നാൽ രോഹിത് അങ്ങനെയല്ല. എല്ലാവരേയും അംഗീകരിക്കുന്നതാണ് രോഹിത്തിന്റെ രീതി. നിങ്ങൾ എങ്ങനെയാണോ, അങ്ങനെ കളിക്കാനാണ് രോഹിത് പറയുക. വിരാടിനു കീഴിൽ ഞാൻ കളിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി നിരീക്ഷിക്കാറുണ്ടായിരുന്നു.
‘ഒന്നുകിൽ എന്റെ വഴി അല്ലെങ്കിൽ പെരുവഴി’ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇരുവരും വ്യത്യസ്തരായ ക്യാപ്റ്റൻമാരാണ്. ചില ക്യാപ്റ്റൻമാർ ഇതൊക്കെയാണ് കളിയുടെ നിലവാരം നിർണയിക്കുന്നതെന്ന് പറയുന്നു. എന്നാൽ മറ്റു ചിലർ ഓരോരുത്തരുടെയും നിലവാരം മനസ്സിലാക്കി. അവർക്ക് വേണ്ടത് ചെയ്തുനൽകുന്നു. വിരാടും രോഹിത്തും തമ്മിലുള്ള വ്യത്യാസം അതാണ്. രണ്ടും നിങ്ങൾക്ക് റിസൽറ്റ് നേടിത്തരും. പക്ഷേ സഹതാരങ്ങളിൽ ഉണ്ടാക്കുന്ന മതിപ്പ് വ്യത്യസ്തമായിരിക്കും” -ഉത്തപ്പ പറഞ്ഞു.
യുവരാജ് സിങ് കരിയർ വേഗത്തിൽ അവസാനിപ്പിച്ചതിൽ കോഹ്‌ലിക്ക് പങ്കുണ്ടെന്നും ഉത്തപ്പ പറഞ്ഞു. ക്യാൻസറിനെ പൊരുതി ജയിച്ച് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു യുവി. നമുക്ക് രണ്ട് ലോകകപ്പ് നേടാനായതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. അത്തരമൊരു താരം തിരിച്ചുവരാൻ ആഗ്രഹിക്കുമ്പോൾ അദ്ദേഹത്തിന്റെ ലങ് കപാസിറ്റി കുറവാണെന്നു പറഞ്ഞ് മാറ്റിനിർത്തുന്നത് ശരിയല്ല. അത്തരമൊരു സാഹചര്യത്തിൽ സ്റ്റാൻഡേഡുകൾ മാറ്റിവെച്ച് അദ്ദേഹത്തെ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ കോഹ്‌ലി അതിന് തയാറായില്ലെന്നും ഉത്തപ്പ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.