ധോണിക്ക് ശേഷമുള്ള മികച്ച നായകനാണ് കോഹ്‌ലി; വിമർശനങ്ങൾ ഏൽക്കില്ലെന്ന് പാക് താരം
text_fieldsന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ തോറ്റതിന് പിന്നാലെ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് നേരെ വിമർശനമുയർന്നിരുന്നു. എന്നാൽ കോഹ്ലിയുടെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ആരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് പറയുകയാണ് പാകിസ്താെൻറ വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കമ്രാൻ അക്മൽ. കോഹ്‌ലി മഹാനായ നായകനാണെന്നും 2017 ചാമ്പ്യൻസ് ട്രോഫയിലെയും 2019 ലോകകപ്പ് സെമിയിലെയും തോൽവികൾക്ക് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് കമ്രാൻ പറയുന്നത്.
'എം.എസ് ധോണിക്ക് ശേഷമുള്ള മികച്ച ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. അദ്ദേഹത്തിന് 70 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. കോഹ്‌ലി ചാമ്പ്യൻസ് ട്രോഫിയും 2019 ലോകകപ്പും കളിച്ചു. ഇന്ത്യ തോറ്റു, പക്ഷേ അതിൽ എന്താണ് തെറ്റ്?. അഞ്ച് വർഷം ഇന്ത്യ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി തുടർന്നു. അദ്ദേഹത്തിെൻറ നേട്ടങ്ങളും സേവനവും നോക്കൂ. അവെൻറ ക്യാപ്റ്റൻസി ഭയങ്കരമാണ്. അതിൽ സംശയമില്ല. അവൻ ഒരു അത്ഭുതശാലിയായ കളിക്കാരനാണ്. അവൻ സ്വയം തയാറെടുക്കുന്ന രീതി അസാധാരണമാണ്'- അക്മൽ യൂട്യൂബിൽ നടത്തിയ വിഡിയോ ചാറ്റിൽ പറഞ്ഞു.
കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ഇന്ത്യ ഐ.സി.സി ടൂർണമെൻറ് വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും താരത്തെ ചോദ്യം ചെയ്യുന്നവരുടെ യോഗ്യത എന്താണെന്നും കമ്രാൻ ചോദിച്ചു.
'ക്യാപ്റ്റനെ മാറ്റിയാൽ ഇന്ത്യ ഐ.സി.സി ടൂർണമെൻറ് വിജയിക്കുന്നെ് ആർക്കും ഉറപ്പ് പറയാൻ സാധിക്കില്ല. ഇത് ഭാഗ്യത്തിെൻറ കാര്യമാണ്. യാതൊരു ധാരണയുമില്ലാത്തവർക്ക് വിരൽ ചൂണ്ടാൻ എളുപ്പമാണ്. ഒരു ഗല്ലി ടീമിനെ പോലും നയിക്കാത്ത ആളുകളാണ് ക്യാപ്റ്റനെ മാറ്റാൻ ഇന്ത്യയെയും കോഹ്ലിയെയും ഉപദേശിക്കുന്നത്' -കമ്രാൻ പറഞ്ഞു.
ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എട്ടു വിക്കറ്റിനാണ് ന്യൂസിലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിലും കിവീസായിരുന്നു ഇന്ത്യയെ പുറത്താക്കിയത്. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനായിരുന്നു ഇന്ത്യയെ തോൽപിച്ചത്. ലണ്ടനിലെ ഓവലിൽ നടന്ന ഫൈനലിൽ 180 റൺസിെൻറ വമ്പൻ തോൽവിയാണ് കോഹ്ലിയും സംഘവും ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.