ടോസിലും 'തോൽവി'യായി കോഹ്ലി; ഇത് ചേസിങ് ടീമിന്‍റെ ലോകകപ്പ്
text_fieldsദുബൈ: ന്യൂസിലൻഡിനെതിരെ എട്ടുവിക്കറ്റിന് തോറ്റതോടെ ട്വന്‍റി20 ലോകകപ്പിൽ പുറത്താകലിന്‍റെ വക്കിലാണ് ഇന്ത്യ. ബാറ്റിങ്, ബൗളിങ് എന്നിവതെ കൂടാതെ ടോസിൽ വരെ തോറ്റതും ഇന്ത്യക്ക് വിനയായി. പാകിസ്താനും ന്യൂസിലൻഡിനുമെതിരെ ടോസ് നഷ്ടപ്പെട്ടത് കൊണ്ടാണ് ടീമിന് ആദ്യം ബാറ്റുചെയ്യേണ്ടി വന്നത്. ടൂർണമെന്‍റിന്‍റെ ട്രെൻഡ് പരിഗണിക്കുേമ്പാൾ ചേസ് ചെയ്യുന്ന ടീമിനാണ് മുൻതൂക്കമെന്ന് കാര്യം ഇന്ത്യൻ ടീമിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു.
ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12 ഘട്ടത്തിൽ നടന്ന 15ൽ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ആദ്യം ബാറ്റുചെയ്ത ടീം വിജയിച്ചത്. സ്കോട്ലൻഡിനും നമീബിയക്കുമെതിരെ അഫ്ഗാനും ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസുമാണ് ട്രെൻഡിന് വിപരീതം സഞ്ചരിച്ചത്.
സമീപകാലത്തായി ടോസിന്‍റെ ഭാഗ്യം കോഹ്ലിക്ക് അനുകൂലമല്ല. തുടർച്ചയായ അഞ്ചാം ട്വന്‍റി20 മത്സരത്തിലാണു കോഹ്ലിക്കു ടോസ് നഷ്ടമാകുന്നത്. ന്യൂസീലൻഡിനെതിരെ കഴിഞ്ഞ 21 മത്സരങ്ങളിൽ 17ലും കോഹ്ലിക്ക് ടോസ് നഷ്ടമായി.
ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിന്‍റെ മത്സരങ്ങൾ അരങ്ങേറുന്നത്. ഈ വേദിയിൽ ഈ വർഷം നടന്ന 19 ട്വന്‍റി20 മത്സരങ്ങളിൽ 15ലും ജയം പിന്തുടരുന്ന ടീമിനായിരുന്നു.
യു.എ.ഇയിലെ വേഗം കുറഞ്ഞ പിച്ചിൽ ആദ്യം ബാറ്റുചെയ്യുന്ന ടീമിന് റൺസ് അടിച്ചുകൂട്ടാൻ പാടാണ്. രണ്ടാം ഇന്നിങ്സിൽ മഞ്ഞുവീഴ്ചയുടെ ആനുകൂല്യം കൂടിയാകുേമ്പാൾ ചേസിങ് എളുപ്പമാകുന്നു. ഈ സാഹചര്യമാണ് ടീമുകളെ ടോസ് നേടിയാൽ ബൗളിങ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ 20 ഓവറിൽ ഇന്ത്യക്ക് 110 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. മധ്യനിരയിൽ രവീന്ദ്ര ജദേജയും (26 നോട്ടൗട്ട്) ഹർദിക് പാണ്ഡ്യയുമാണ് (23) സ്കോർ 100 കടത്തിയത്. എന്നാൽ 14.3 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ലക്ഷ്യം നേടി. ഡാറിൽ മിച്ചലും (49) നായകൻ കെയ്ൻ വില്യംസണുമാണ് (33) കിവീസിന് അനായാസ ജയമൊരുക്കിയത്. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
മൂന്നും ജയിക്കണം...പോരാത്തതിന്
രണ്ട് മത്സരങ്ങളിൽ നിന്ന് പോയിന്‍റ് ഒന്നുമില്ലാത്ത ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ അഞ്ചാമതാണ്. സെമി ഫൈനൽ യോഗ്യത സ്വന്തമാക്കാൻ ഇന്ത്യക്ക് അഫ്ഗാനിസ്താൻ, നമീബിയ, സ്കോട്ലൻഡ് എന്നീ ടീമുകളെ വൻ മാർജിനിൽ തോൽപ്പിക്കണം. ഇതിൽ മികച്ച റൺറേറ്റുമായി (+3.097) പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനെ തോൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. പാകിസ്താനെ വിറപ്പിച്ചാണ് അവർ കീഴടങ്ങിയിരുന്നത്.
അഫ്ഗാൻ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ മൂവർക്കും ആറുപോയിന്‍റ് വീതമാകും. അവിടെ നെറ്റ്റൺറേറ്റാകും സെമിഫൈനലിസ്റ്റിനെ നിശ്ചയിക്കുക. ഇനി കിവീസ് അഫ്ഗാനെ തോൽപിച്ചു എന്ന് വെക്കുക, എന്നാലും ഇന്ത്യക്ക് സാധ്യതയുണ്ട്. പക്ഷേ അതിന് നമീബിയയോ സ്കോട്ലൻഡോ കിവീസിനെ തോൽപ്പിക്കുകയോ വേണം. ഫലങ്ങളെല്ലാം ഇതോ രീതിയിൽ വന്നാൽ ഇന്ത്യക്കും കിവീസിനും ആറുപോയിന്‍റ് വീതമാകും. അതോടെ നെറ്റ്റൺറേറ്റ് കാര്യങ്ങൾ തീരുമാനിക്കും. -1.609 ആണ് ഇന്ത്യയുടെ റൺറേറ്റ്.
ട്വന്‍റി20 ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്നതിനാൽ തന്നെ ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ വിജയിക്കുകയും അഫ്ഗാനെതിരെ വിജയിക്കുന്ന ന്യൂസിലൻഡ് നമീബിയക്കും സ്കോട്ലൻഡിനുമെതിരെ തോൽക്കുകയും ചെയ്താലും വിരാട് കോഹ്ലിക്കും സംഘത്തിനും സെമിയിൽ എത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.