ഓസീസ് കാണികളെ കളിയാക്കി കോഹ്ലി; ‘സാൻഡ് പേപ്പർ ഗേറ്റ്’ അനുകരിച്ച് താരം -വിഡിയോ
text_fieldsസിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ പെർത്തിലെ രണ്ടാം ഇന്നിങ്സിലെ സെഞ്ച്വറി മാറ്റി നിർത്തിയാൽ, നിരാശപ്പെടുത്തുന്നതായിരുന്നു കോഹ്ലിയുടെ ബാറ്റിങ്.
പരമ്പരയിലുടനീളം ഓസീസ് ബൗളർമാരുടെ ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങിയാണ് താരം പുറത്തായത്. അതിൽ അഞ്ചു തവണയും സ്കോട്ട് ബോളണ്ടിന്‍റെ പന്തിലായിരുന്നു. അഞ്ചു ടെസ്റ്റുകളിൽ 23.72 ശരാശരിയിൽ 190 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ഫീൽഡിൽ കോഹ്ലിയുടെ അഗ്രസീവ് പെരുമാറ്റവും പ്രതികരണളും ശ്രദ്ധിക്കപ്പെട്ടു. തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഗാലറിയിലെ ഓസീസ് ആരാധകർക്ക് നേരെ അതേ നാണയത്തിൽ തന്നെയാണ് താരം തിരിച്ചടിച്ചത്. സിഡ്നി ടെസ്റ്റിന്‍റെ മൂന്നാംദിനം സ്റ്റീവ് സ്മിത്ത് പുറത്തായതിന് പിന്നാലെ കോഹ്ലി ഗാലറിയിലെ ഓസീസ് ആരാധകർക്ക് നേരെ നടത്തിയ കളിയാക്കൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സ്റ്റീവ് സ്മിത്തിന്റെ ‘സാൻഡ് പേപ്പർ ഗേറ്റ്’ അനുകരിച്ചായിരുന്നു കോഹ്ലിയുടെ പരിഹാസം. ഏഴു വർഷം മുമ്പാണ് ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ കുപ്രസിദ്ധ അധ്യായങ്ങളിലൊന്നായ സാൻഡ് പേപ്പർ ഗേറ്റ് വിവാദം അരങ്ങേറുന്നത്. 2018 മാർച്ചിൽ ആസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ, ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് പന്തിന്‍റെ അവസ്ഥ മാറ്റാനും ബൗളർമാർക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കാനും ഒരു സാൻഡ്പേപ്പർ ഉപയോഗിച്ച് അതിൽ കൃത്രിമം കാണിക്കുന്നത് അന്ന് കാമറയിൽ കുടുങ്ങി.
ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ഉരക്കുന്നത് ദൃശ്യങ്ങളിൽ വൈറലായിരുന്നു. കമാറയിൽ കണ്ടെന്ന് മനസ്സിലാക്കിയതോടെ താരം പേപ്പർ ട്രൗസറിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വിവാദമായതോടെ അന്നത്തെ ഓസീസ് ടീം നായകൻ സ്റ്റീവ് സ്മിത്ത് തന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമം നടന്നതെന്ന് സമ്മതിച്ചു. പിന്നാലെ സ്മിത്തിനെ ഓസീസ് ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് നീക്കുകയും ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഡേവിഡ് വാർണറെയും ഒരു വർഷം വിലക്കി.
ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കേർപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാളായ സ്മിത്തിന്‍റെ കരിയറിലെ ഏറ്റവും നാണംകെട്ട സംഭവങ്ങളിലൊന്നായിരുന്നു വിവാദം. ഇത് അനുകരിച്ചാണ് പാന്‍റ്സിലെ പോക്കറ്റിൽ കൈയിട്ട് സാൻഡ് പേപ്പർ ഒന്നുമില്ലെന്ന് ആംഗ്യം കാട്ടി കോഹ്ലി കാണികൾക്കുനേരെ പരിഹസിക്കുന്നത്.
അതേസമയം, സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ ആറു വിക്കറ്റിന് തോൽപിച്ച ഓസീസ് പരമ്പര തിരിച്ചുപിടിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഓസീസിന്‍റെ എതിരാളികൾ. സിഡ്നിയിൽ 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.