‘ഏപ്രിലിൽ ബാഗെല്ലാം പാക്ക് ചെയ്തിരുന്നു’; ആർ.സി.ബിയുടെ റോയൽ തിരിച്ചുവരവ് അതിശയകരമെന്നും കോഹ്ലി
text_fieldsബംഗളൂരു: സീസണിന്‍റെ തുടക്കത്തിൽ ടീം തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ടതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ കൈവിട്ടിരുന്നതായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ സൂപ്പർതാരം വിരാട് കോഹ്ലി. സീസണിൽ ആദ്യത്തെ ഏഴു മത്സരങ്ങളിൽ ഒരു ജയവുമായി ഫാഫ് ഡുപ്ലെസിസും സംഘവും പോയന്‍റ് ടേബിളിൽ അവസാന സ്ഥാനത്തായിരുന്നു.
ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും ടീമിലെ താരങ്ങളും വരെ ബംഗളൂരു ഇത്തവണ പ്ലേ ഓഫ് കളിക്കില്ലെന്ന ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ, ഐ.പി.എല്ലിലെ പിന്നീടുള്ള മത്സരങ്ങളിൽ ബംഗളൂരു റോയൽ തിരിച്ചുവരവ് നടത്തി ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ് കണ്ടത്. സീസണിലെ രണ്ടാംഘട്ടത്തിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചെണ്ണവും ജയിച്ച് ടീം പ്ലേ ഓഫിന്‍റെ വക്കിലെത്തി. ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിൽ മികച്ച മാർജിനിൽ ജയിക്കാനായാൽ കോഹ്ലിക്കും ടീമിനും അവസാന നാലിൽ എത്താനാകും.
മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുമായുള്ള അഭിമുഖത്തിലാണ് ഒരുഘട്ടത്തിൽ തനിക്ക് തന്നെ ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ നഷ്ടപ്പെട്ട കാര്യം കോഹ്ലി വെളിപ്പെടുത്തിയത്. ടീം പ്ലേ ഓഫിലെത്താൻ സാധ്യതയില്ലാത്തതിനാൽ ഏപ്രിലിലെ ബാഗുകൾ പാക്ക് ചെയ്ത കാര്യവും താരം തുറന്നുപറയുന്നുണ്ട്. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ ആർ.സി.ബി കളി മാറ്റിമറിച്ചതിലും താരം വലിയ സന്തോഷത്തിലാണ്. ‘ഏപ്രിലിൽ ഒരുവിധം ബാഗുകളെല്ലാം പാക്ക് ചെയ്തിരുന്നു, പിന്നീട് എന്ത് സംഭവിച്ചെന്ന് നോക്കു? ഇപ്പോൾ ഞങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കു, മത്സരം മാറ്റിമറിച്ചത് അതിശയകരമാണ്. സ്വാഭാവികമായി തന്നെ കളിച്ചു, ആസ്വദിച്ചു, ഒടുവിൽ ഇവിടെ എത്തിയിരിക്കുന്നു’ -മുൻ ആർ.സി.ബി നായകൻ കൂടിയായ കോഹ്ലി പറഞ്ഞു.
ചെന്നൈ-ബംഗളൂരു മത്സരം ക്വാർട്ടർ ഫൈനൽ പോരാട്ടമായാണ് വിശേഷിപ്പിക്കുന്നത്. മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമേ ബംഗളൂരുവിന് പ്ലേ ഓഫിലെത്താനാകു. നിലവിൽ 14 പോയന്‍റുള്ള ചെന്നൈക്ക് ബംഗളൂരുവിനേക്കാൾ മികച്ച റൺ റേറ്റുണ്ട്. അതേസമയം 76 റൺസ് കൂടി നേടിയാൽ കോഹ്ലിക്ക് ഐ.പി.എല്ലിൽ 8000 റൺസ് പൂർത്തിയാക്കാനാകും. നിലവിൽ 250 മത്സരങ്ങളിൽനിന്ന് താരം നേടിയത് 7924 റൺസാണ്. 55 അർധ സെഞ്ച്വറികളും എട്ടു സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.