‘കോഹ്ലി എന്‍റെ കീഴിൽ കളിച്ചിട്ടുണ്ട്, ഇന്ത്യൻ താരങ്ങളിൽ പലരും സഹതാരങ്ങളായിരുന്നു’; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് തേജസ്വി യാദവ്
text_fieldsപട്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പങ്കുവെച്ച ക്രിക്കറ്റ് അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി ആഭ്യന്തര ക്രിക്കറ്റിൽ തനിക്ക് കീഴിൽ കളിച്ചിട്ടുണ്ടെന്ന് തേജസ്വി വെളിപ്പെടുത്തി. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്നവരിൽ പലരും തന്റെ സഹതാരങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തേജസ്വിയുടെ വെളിപ്പെടുത്തൽ. രാഷ്ട്രീയ മൈതാനത്തെ സൂപ്പർ താരമാണെങ്കിലും വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന കാരണത്താൽ എതിരാളികൾ തേജസ്വിയെ പരിഹസിക്കുന്നത് പതിവാണ്. തേജസ്വി ഒമ്പതാം ക്ലാസിൽ തോറ്റയാളാണെന്ന് പ്രശാന്ത് കിഷോറും വിമർശനം ഉന്നയിച്ചിരുന്നു. ‘ഞാനൊരു ക്രിക്കറ്ററായിരുന്നു, ഒരാളും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. വിരാട് കോഹ്ലി എനിക്കു കീഴിൽ കളിച്ചിട്ടുണ്ട്, ആരെങ്കിലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? എന്തുകൊണ്ട് അവർ അതിനെ കുറിച്ച് പറയുന്നില്ല? ഒരു പ്രഫഷനൽ താരമെന്ന നിലയിൽ ഞാൻ നല്ലൊരു ക്രിക്കറ്റർ ആയിരുന്നു. ഇന്ത്യൻ ടീമിൽ കളിക്കുന്ന ഒട്ടേറെ താരങ്ങൾ എനിക്കൊപ്പം കളിച്ചിട്ടുള്ളവരാണ്. എന്റെ രണ്ട് ലിഗ്‌മെന്റുകൾക്കും തകരാർ സംഭവിച്ചതോടെയാണ് ഞാൻ സജീവ ക്രിക്കറ്റ് അവസാനിപ്പിച്ചത്’ -തേജസ്വി വെളിപ്പെടുത്തി. ഡൽഹി ജൂനിയർ ടീമുകളിൽ കോഹ്ലിയും തേജസ്വിയും ഒരുമിച്ചു കളിച്ചിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ഝാർഖണ്ഡിനായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മുൻ ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി. ഒരു ഫസ്റ്റ് ക്ലാസ് മത്സരവും രണ്ട് ലിസ്റ്റ് എ മത്സരങ്ങളും നാല് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസിന്‍റെ (ഡൽഹി ക്യാപിറ്റൽസ്) താരമായിരുന്നു തേജസ്വിയെന്ന കാര്യവും പലർക്കും അറിയില്ല.
2008 മുതൽ 2018 വരെ ഡൽഹി ടീമിൽ തേജസ്വി ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. 2009 നവംബറിൽ വിദർഭക്കെതിരെയാണ് തേജസ്വി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നത്. 2010 ഫെബ്രുവരിയിൽ ത്രിപുര, ഒഡിഷ ടീമുകൾക്കെതിരെയാണ് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.