‘നിങ്ങൾ തന്ന സ്നേഹത്തിനും അഭിനന്ദനത്തിനും നന്ദി’; ആർ.സി.ബി ആരാധകരെ ചേർത്തുപിടിച്ച് കോഹ്ലി
text_fieldsബംഗളൂരു: കിരീടമെന്ന സ്വപ്നം ബാക്കിവെച്ച് ഇത്തവണയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എല്ലിൽനിന്ന് മടങ്ങിയിരിക്കുന്നു. ലീഗിലെ ആദ്യത്തെ ഏഴു മത്സരങ്ങളിൽ ആറെണ്ണവും പരാജയപ്പെട്ട ആർ.സി.ബി, ഗംഭീര തിരിച്ചു വരവ് നടത്തിയാണ് പ്ലേ ഓഫിലെത്തിയത്.
എന്നാൽ, എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ വീണു. മൂന്നു തവണ ഫൈനലിലെത്തിയിട്ടും ബംഗളൂരുവിന് കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാജസ്ഥാനോട് തോൽവി വഴങ്ങിയപ്പോൾ ടീമിലെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും മാത്രമല്ല, പ്രിയപ്പെട്ട ആരാധകരും കൂടിയാണ് നിരാശരായത്. മത്സരശേഷം പുറത്തുവന്ന താരങ്ങളുടെ ദൃശ്യങ്ങളിലും ഡ്രസ്സിങ് റൂമിലെ കാഴ്ചകളിലും ഈ നിരാശ പ്രകടമായിരുന്നു.
ടീമിന്‍റെ തോൽവി ആരാധകർക്കും വലിയ ആഘാതമായി. ടീമിനൊപ്പം ഉറച്ച പിന്തുണയുമായി നിന്ന ആരാധകർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് സൂപ്പർതാരം വിരാട് കോഹ്ലി. ‘എന്നത്തെയും പോലെ ഞങ്ങളെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആർ.സി.ബിയുടെ ആരാധകർക്ക് ഒരിക്കൽ കൂടി നന്ദി’ -കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടൊപ്പം ചുവന്ന ഹൃദയത്തിന്‍റെ ഇമോജിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഐ.പി.എല്ലിലെ റൺവേട്ടക്കാരനിൽ ഒന്നാമനാണ് ക്ലോഹി. 15 മത്സരങ്ങളിൽനിന്ന് 741 റൺസാണ് താരം നേടിയത്.
താരത്തിനു മുന്നിൽ ഇനിയുള്ള വെല്ലുവിളി ട്വന്‍റി20 ലോകകപ്പാണ്. കോഹ്ലിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെന്ന സൂചന ശക്തമായിരുന്നു. താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് ട്വന്‍റി20 ഫോർമാറ്റിന് ചേരുന്നതല്ലെന്നായിരുന്നു വിമർശകർ ഇതിനു പറഞ്ഞിരുന്നു കാരണം. വിമർശകർക്ക് ബാറ്റിങ്ങിലൂടെ താരം മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ജൂൺ രണ്ടിന് യു.എസിലും വെസ്റ്റ്ൻഡീസിലുമായി ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനെ കോഹ്ലി നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.