32 ഇന്നിങ്സിൽ 655 റൺസ്, ഫോം മങ്ങി ‘റൺ മെഷീൻ’; മോശം പ്രകടനത്തിന്‍റെ റെക്കോഡും കോഹ്‌ലിക്ക് സ്വന്തം!
text_fieldsമോശം ഫോമിന്‍റെ പേരിൽ പഴി കേൾക്കുന്ന സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് കരിയറിലെ ഏറ്റവും മോശം വർഷമാണ് അവസാനിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി 32 ഇന്നിങ്സിൽനിന്ന് 655 റൺസാണ് 2024ൽ താരത്തിന്‍റെ സമ്പാദ്യം. 21.83 ആണ് ശരാശരി. അരങ്ങേറ്റത്തിനു ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. പോയ വർഷം ഒറ്റ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് കണ്ടെത്താനായത്. രണ്ട് അർധ സെഞ്ച്വറി നേടിയപ്പോൾ, നാല് ഇന്നിങ്സിൽ സംപൂജ്യനാകാനും കോഹ്‌ലിക്ക് ‘യോഗ’മുണ്ടായി.
2023ൽ ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയിരുന്ന വിരാട് കോഹ്‌ലി ഒറ്റ വർഷം കൊണ്ടാണ് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയത്. അത്തവണ 66.06 ആണ് താരത്തിന്‍റെ ശരാശരി എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടോപ് ഓഡറിൽ കളിക്കുന്ന ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും മോശം പ്രകടനം ഇത്തവണ കോഹ്‌ലിയുടേതാണ്. ആദ്യ ആറ് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ ബാറ്റർമാർ, കലണ്ടർ വർഷം നേടുന്ന എക്കാലത്തെയും മോശം ശരാശരി എന്ന റെക്കോഡും കോഹ്‌ലിയുടെ പേരിലായി. 1992ൽ സഞ്ജയ് മഞ്ജ്രേക്കർ നേടിയ 23.42 ശരാശരി എന്ന റെക്കോഡാണ് തിരുത്തിയത്.
ഇടക്കാലത്ത് ഇന്ത്യയുടെ ‘റൺ മെഷീനാ’യിരുന്ന വിരാട് കോഹ്‌ലിയുടെ നിഴൽ മാത്രമാണ് ഇപ്പോൾ ടീമിനൊപ്പമുള്ളത് എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കണക്കുകൾ പുറത്ത് വരുന്നത്. കോഹ്‌ലിക്കൊപ്പം ക്യാപ്റ്റൻ രോഹിത് ശർമയും ടീമിന് ബാധ്യതയാണെന്ന വിമർശനവും ശക്തമാണ്. ബോർഡർ ഗവാസ്കർ ട്രോഫിക്ക് പിന്നാലെ രോഹിത് ടെസ്റ്റിൽനിന്ന് വിരമിക്കുമെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായി രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിച്ച ഇന്ത്യ ഇത്തവണ പുറത്താകാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് രോഹിത് വിരമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്.
ബി.സി.സി.ഐ അധികൃതരും സെലക്ടർമാരും വിരമിക്കലുമായി ബന്ധപ്പെട്ട് രോഹിത്തിനോട് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. രണ്ടും മൂന്നും ടെസ്റ്റുകളിൽ ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ രോഹിത്, മെൽബൺ ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ വിരമിക്കൽ അതിനുശേഷമായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.