റൊണാൾഡോയുടെ ആരാധകനായിട്ടും മുന്നിലിരുന്ന കൊക്ക കോള മാറ്റാതെ കോഹ്ലി; ആരാധകർക്ക് നിരാശ
text_fieldsസതാംപ്ടൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കമിട്ട കൊക്കകോള വിരുദ്ധ കാമ്പയിൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഏറ്റെടുക്കുമെന്ന് കരുതിയ ആരാധകർക്ക് നിരാശ. ഐ.സി.സി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ ഭാഗമായുള്ള വാർത്ത സമ്മേളനത്തിനെത്തിയ കോഹ്ലി മുന്നിലിരുന്ന കൊക്കകോള കുപ്പിയെ ഗൗനിച്ചതേയില്ല. ഇതോടെ സമൂഹമാധ്യമങ്ങളിൽ ആരാധകർ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.
അതിന് പ്രധാന കാരണം കോഹ്ലി ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നതാണ്. ലയണൽ മെസ്സിേയക്കാൾ തനിക്കിഷ്ടം ക്രിസ്റ്റ്യാനോയെ ആണെന്ന് തുറന്നുപറയാറുള്ള കോഹ്ലി താരത്തെ പുകഴ്ത്തിയും രംഗത്തെത്താറുണ്ട്. അതത് കളികളിലെ സൂപ്പർ താരങ്ങളായ ഇരുവരും സമൂഹമാധ്യമങ്ങളിലടക്കം സൗഹൃദം പങ്കുവെക്കാറുമുണ്ട്.
ഇത്രയൊക്കെയായിട്ടും റൊണാൾഡോയുടെ മാതൃക പിന്തുടരാത്തതിൽ ആരാധകർ നീരസം പ്രകടിപ്പിച്ചു. ക്രിസ്റ്റ്യാനോ പാനീയം എടുത്തു മാറ്റിയതിന് പിന്നാലെ കോർപ്പറേറ്റ് ഭീമൻ കൊക്ക കോളക്ക് കോടികളുടെ നഷ്ടമുണ്ടായിരുന്നു. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ് ഇടിഞ്ഞത്. കൊക്ക കോളയുടെ ആസ്തി 342 ബില്യൺ ഡോളറിൽ നിന്ന് 338 ബില്യൺ ഡോളറായി കുറയുകയും ചെയ്തിരുന്നു. ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയും സമാന പ്രവർത്തിയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.