കോഹ്ലി വീണ്ടും ടെസ്റ്റ് സ്ക്വാഡിനൊപ്പം; പെട്ടെന്ന് അവധിയെടുത്തതിന്‍റെ കാരണം വെളിപ്പെടുത്തി ബി.സി.സി.ഐ
text_fieldsടെസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും ഇന്ത്യക്ക് ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാനായിട്ടില്ല. ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് രോഹിത് ശർമയും സംഘവും ടെസ്റ്റ് മത്സരത്തിന് തയാറെടുക്കുന്നത്.
രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിൽ ഈമാസം 26 മുതലാണ്. ട്വന്‍റി20 പരമ്പര സമനിലയിൽ പിരിഞ്ഞെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. എന്നാൽ, ടീം ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സൂപ്പർതാരം വിരാട് കോഹ്ലി അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയത്. വ്യക്തിപരമായ ആവശ്യത്തിനാണ് പെട്ടെന്ന് അവധിയെടുത്ത് താരം നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ കോഹ്ലി ലണ്ടനിലേക്കാണ് പോയതെന്നാണ് പുറത്തുവരുന്ന വിവരം.
ലണ്ടനിലേക്ക് പോകുന്ന കാര്യം ടീം മാനേജ്മെന്‍റിനെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ഇതുപ്രകാരമാണ് പരിശീലന സെഷനിൽനിന്ന് താരം അവധിയെടുത്തതെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. ട്വന്‍റി20, ഏകദിന പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ടീമിൽനിന്ന് അവധിയെടുത്ത താരം കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു. പിന്നാലെ നാട്ടിൽ മടങ്ങിയെത്തിയ കോഹ്ലി, ഡിസംബർ 15നാണ് ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേരാനായി ദക്ഷിണാഫ്രിക്കയിലെത്തിയത്. മൂന്നു ദിവസം ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്ത താരം 19നാണ് ലണ്ടനിലേക്ക് പോയത്.
‘കോഹ്ലിയുടെ പദ്ധതികളെയും അവധിയെയും കുറിച്ച് ടീം മാനേജ്‌മെന്റിന് അറിയാമായിരുന്നു, ഇത് ഒറ്റരാത്രികൊണ്ട് സംഭവിച്ചതോ കുടുംബത്തിന്റെ അടിയന്തര ആവശ്യം കാരണമോ അല്ല. കാര്യങ്ങളെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന താരമാണ്, അദ്ദേഹത്തിന്റെ ലണ്ടൻ യാത്ര മുൻകൂട്ടി അറിയിച്ചിരുന്നു’ -ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. ലോകകപ്പിന് ശേഷം ആദ്യമായാണ് രോഹിതും കോഹ്ലിയും ജസ്പ്രീത് ബുംറയും ഇന്ത്യക്കായി കളിക്കുന്നത്. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.