ട്വന്‍റി20 മതിയാക്കി കോഹ്ലി; ഫൈനലിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് താരം
text_fieldsബാര്‍ബഡോസ്: ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം വിരാട് കോഹ്ലി. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടെയാണ് ട്വന്‍റി20 ക്രിക്കറ്റ് മതിയാക്കുന്ന കാര്യം താരം വ്യക്തമാക്കിയത്.
‘ഇത് എന്‍റെ അവസാന ട്വന്‍റി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാന്‍ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റണ്‍ നേടാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അപ്പോള്‍ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്‍റെ അവസാന ട്വന്‍റി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു’ -കോഹ്ലി പറഞ്ഞു. 59 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്താണ് പുറത്തായത്.
ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തി പൊരുതാനുള്ള സ്കോറിലെത്തിച്ചത് കോഹ്ലിയുടെ അർധ സെഞ്ച്വറി പ്രകടനമായിരുന്നു. നാലാം വിക്കറ്റിൽ കോഹ്ലിയും അക്സർ പട്ടേലും ചേർന്നു നേടിയ 72 റണ്‍സാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. ട്വന്‍റി20, ഏകദിന ലോകകപ്പ് നേടിയ അപൂർവം ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് കോഹ്ലി.
2010ൽ സിംബാബ്‌വെക്കെതിരെയാണ് ട്വന്‍റി20യിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. 125 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്ലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ആണ് ശരാശരി. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും കോലി നേടി. ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടാമാണിത്. ബാരബഡോസിൽ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 2013ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി കിരീടത്തിൽ മുത്തമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.