ടീം ഏറ്റവും മികച്ച പ്രകടനം നടത്തിയ സീസൺ, എല്ലാവരും ഫോമിൽ, എന്നിട്ടും..; വേദനിപ്പിച്ച ആ മത്സരത്തെ കുറിച്ച് കോഹ്‍ലി
text_fields2021 ഐ.പി.എൽ സീസണിലായിരുന്നു വിരാട് കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനമൊഴിഞ്ഞത്. ആർ.സി.ബിക്ക് വേണ്ടി ഒരു ഐ.പി.എൽ കിരീടം പോലും നേടാനാവാതെയായിരുന്നു കോഹ്‍ലിയുടെ പടിയിറക്കം. രണ്ട് തവണ കിരീടം എത്തിപ്പിടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. നായകന്റെ സമ്മർദ്ദത്തിനിടയിലും ടീമിന് വേണ്ടി പരമാവധി നൽകിയിട്ടും കിരീടം വെറും സ്വപ്നമായി നിലനിൽക്കുന്നതിന്റെ നിരാശയിലാണ് കോഹ്‍ലി.
എന്നാൽ, തന്നെ ഏറ്റവും വേദനിപ്പിച്ച മത്സരത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്‍ലി. 2016-ലെ ഐ.പി.എൽ ഫൈനൽ മത്സരമാണ് അതെന്ന് താരം വെളിപ്പെടുത്തി. ''ആ ഫൈനല്‍, അത് അങ്ങനെ സംഭവിക്കണമെന്നത് എഴുതിവെച്ചിരുന്നുവെന്നാണ് തോന്നുന്നത്. ഏറ്റവും മികച്ച പ്രകടനം നടത്തിയ സീസണ്‍, എല്ലാവരും മികച്ച ഫോമിലായിരുന്നിട്ടും അത് കിരീടത്തിലേക്കെത്തിക്കാനായില്ല. ഫൈനലില്‍ ഒമ്പത് ഓവറില്‍ 100 റണ്‍സ് നേടിയിട്ടും കിരീടം നേടാനായില്ല. വേദനിപ്പിക്കാവുന്നതിന്റെ പരമാവധിയായിരുന്നു ആ കലാശപ്പോര്. ആ ദിവസം ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല. ഏറെ വേദനിപ്പിച്ച മത്സരങ്ങളിലൊന്നാണത്. എല്ലാ ഐപിഎല്‍ സീസണ്‍ കളിച്ചെങ്കിലും ഇപ്പോഴും ആ ഫൈനല്‍ മനസിൽ നിന്നും പോയിട്ടില്ല'' -കോഹ്‍ലി പറഞ്ഞു.
നായകനെന്ന നിലയില്‍ കിരീടം നേടാനാവാത്തത് തന്നെ നിരാശപ്പെടുത്തുന്ന കാര്യമാണ്. നമുക്ക് കിരീടം നേടാൻ കഴിഞ്ഞില്ലെന്നത് അംഗീകരിക്കുന്ന വസ്തുതയാണ്. 2016ല്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ചിലപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
നാല് സെഞ്ച്വറി ഉള്‍പ്പെടെ 973 റണ്‍സ് നേടി ഓറഞ്ച് തൊപ്പിയും ആ സീസണിൽ കോഹ്‍ലിയുടെ തലയിലായിരുന്നു. എന്നാൽ, ഏറെ മോഹിച്ച കിരീടം മാത്രം ആർ.സി.ബിക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിനായില്ല. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഡേവിഡ് വാർണർ നയിച്ച സൺറൈസേഴ്സ് ഹൈദരാബാദായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ അന്ന് എസ്.ആർ.എച്ച് അടിച്ചുകൂട്ടിയത് 208 റൺസ്. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബിക്ക് 200 റൺസ് മാത്രമാണെടുക്കാനായത്.
ക്രിസ് ഗെയ്ല്‍ (36 പന്തില്‍ 76), വിരാട് കോലി (35 പന്തില്‍ 54) എന്നിവരുടെ വെടിക്കെട്ടിൽ 10 ഓവറിൽ 114 റൺസ് ഓപണിങ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും ടീം കപ്പ് കൈവിടുന്ന കാഴ്ച്ചയായിരുന്നു. ഡിവില്ലേഴ്സിനും വാട്സനും രാഹുലിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ആർ.സി.ബിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട സീസണായിരുന്നു അത്. എന്നാൽ, കപ്പ് മാത്രം എട്ട് റൺസകലെ കൈവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.