മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പിന്തള്ളി കോഹ്ലിയും രോഹിത്തും; വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികൾ
text_fieldsഒക്ടോബർ-നവംബർ മാസങ്ങളിൽ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും പേജുകൾ. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് ഇരുവരുടെയും ജനപ്രിയത വർധിപ്പിച്ചത്.
ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ പ്രവേശനത്തിൽ കോഹ്ലിയും രോഹിത്തും നിർണായക പങ്കുവഹിച്ചിരുന്നു. ഫുട്ബാൾ ഇതിഹാസങ്ങളായ അർജന്‍റീനയുടെ ലയണൽ മെസ്സി, പോർചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയാണ് ഇരുവരും പിന്തള്ളിയത്. കോഹ്ലിയുടെ വിക്കി പേജിൽ 50 ലക്ഷത്തിലധികം പേരെത്തി. രണ്ടാമതുള്ള രോഹിത്തിന്‍റെ പേജിൽ 47 ലക്ഷത്തിലധികം പേരും. ക്രിസ്റ്റ്യാനോ (44 ലക്ഷം), മെസ്സി (43 ലക്ഷം) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കോഹ്ലിയാണ്. 765 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു. 597 റൺസാണ് രോഹിത് നേടിയത്. ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളും സെമിയും ആധികാരികമായി ജയിച്ചെത്തിയ ഇന്ത്യ ഫൈനലിൽ ആസ്ട്രേലിയയോട് ആറു വിക്കറ്റിന് തോൽക്കുകയായിരുന്നു. ടെലിവിഷനിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റെക്കോഡ് വ്യൂവർഷിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ലോകത്തിലെ അതിസമ്പന്നരായ കായിക താരങ്ങളിലൊരാളാണ് കോഹ്ലി. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരവും. 252 ദശലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്. ട്വിറ്ററിൽ 56.4 ദശലക്ഷം പേരും താരത്തെ പിന്തുടരുന്നു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ തന്നെ ഏറ്റവും സമ്പന്നൻ കോഹ്ലിയാണ്. ബി.സി.സി.ഐയുടെ എ പ്ലസ് കരാർ പ്രകാരം ഏഴു കോടിയാണ് താരത്തിന്‍റെ വാർഷിക വരുമാനം. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കരാറിൽനിന്ന് പ്രതിവർഷം 15 കോടി രൂപയും ലഭിക്കുന്നു. പരസ്യവരുമാനം വേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.