കോഹ്ലിയും രോഹിത്തുമില്ല; 2021ലെ ട്വന്‍റി20 ഇലവൻ തെരഞ്ഞെടുത്ത് പാക് മുൻ സ്പിന്നർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റർ ഡാനിഷ് കനേരിയ തെരഞ്ഞെടുത്ത 2021ലെ ട്വന്‍റി20 ഇലവനിൽ ഇന്ത്യൻ നായകൻ രോഹിത് ശർമക്കും സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്കും സ്ഥാനമില്ല. അതേസമയം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.
ഓൾറൗണ്ടർ രവീന്ദ്ര ജദേജ, ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ, പേസ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് കനേരിയയുടെ ഇലവനിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ.
പാകിസ്താന്റെ മുഹമ്മദ് റിസ്വാനും ബാബർ അസമുമാണ് ടീമിലെ ഓപണർമാർ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറാണ് മൂന്നാമൻ. ഇംഗ്ലണ്ടിന്‍റെ ലയാം ലിവിങ്സ്റ്റൺ നാലാം സ്ഥാനത്തും മിച്ചൽ മാർഷ് അഞ്ചാം സ്ഥാനത്തും ബാറ്റിങ്ങിനിറങ്ങും.
2021ലെ ട്വന്‍റി20 ലോകകപ്പിൽ റിസ്വാനും ബാബറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 29 കളികളിലായി 75.06 ശരാശരിയിൽ 1,326 റൺസാണ് റിസ്വാൻ ഈ വർഷം അടിച്ചുകൂട്ടിയത്. കൂടാതെ ഒരു കലണ്ടർ വർഷം ട്വന്‍റി20യിൽ 1000ത്തിൽ കൂടുതൽ റൺസ് നേടുന്ന ഏക കളിക്കാരനുമാണ് റിസ്വാൻ.
അതോടൊപ്പം റിസ്വാന്റെ ഓപ്പണിങ് പങ്കാളിയും പാക് നായകനുമായ ബാബർ ഈ വർഷം 29 കളികളിൽ നിന്നായി 939 റൺസ് സ്കോർ ചെയ്തു.
'മുഹമ്മദ് റിസ്വാനും ബാബർ അസമുമാണ് എന്‍റെ ഓപണർമാർ. അവർ 2021ൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ട്വന്‍റി20 ലോകകപ്പിൽ അവരുടെ പ്രകടനം മികച്ചതായിരുന്നു. കൂടാതെ അടുത്തിടെ അവസാനിച്ച വെസറ്റ് ഇൻഡീസിനെതിരായ പരമ്പരയിലും അവർ തിളങ്ങി'-കനേരിയ അഭിപ്രായപ്പെട്ടു.
'മൂന്നാം സ്ഥാനത്ത് രോഹിത്, കോഹ്ലി, കെ.എൽ. രാഹുൽ എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കണമെന്ന് ആളുകൾ ഒറ്റയടിക്ക് പറയും. എന്നാൽ ഞാൻ ബട്ലറിനെ തെരഞ്ഞെടുക്കും. അവൻ നന്നായി കളിച്ചു, കൂടാതെ ലോകകപ്പിൽ സെഞ്ച്വറി നേടുകയും ചെയ്തു. അത് കൊണ്ട് അവൻ ആ സ്ഥാനം അർഹിക്കുന്നുണ്ട്'-കനേരിയ കൂട്ടിച്ചേർത്തു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് 12ാമനായി ഇലവനിലുണ്ട്.
ട്വന്‍റി20 ഇലവൻ:
ബാബർ അസം, മുഹമ്മദ് റിസ്വാൻ, ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൺ, മിച്ചൽ മാർഷ്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ശഹീൻ അഫ്രീദി, ട്രെന്‍റ് ബൗൾട്ട്, ആദം സാംപ, ജസ്പ്രീത് ബുംറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.