രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അവധി വേണമെന്ന് കോഹ്ലി; പരിശീലനത്തിൽ ഇളവ് നൽകി ബി.സി.സി.ഐ
text_fieldsമുംബൈ: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അവധി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. താരത്തിന്‍റെ അഭ്യർഥന പ്രകാരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പരിശീലന സെഷനിൽനിന്ന് ബി.സി.സി.ഐ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് മുംബൈയിലെ വീട്ടിലെത്തി കോഹ്ലിയെയും ഭാര്യ അനുഷ്ക ശർമയെയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലേക്ക് പോകുന്ന വഴി മുംബൈയിലെ വീട്ടിലെത്തി താരം ക്ഷണക്കത്ത് സ്വീകരിക്കുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, മുൻ നായകൻ എം.എസ്. ധോണി, മുൻതാരം ഗൗതം ഗംഭീർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജനുവരി 25നാണ് ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. ഹൈദരാബാദിലാണ് ആദ്യ മത്സരം. അഫ്ഗാനെതിരായ ട്വന്‍റി20 പരമ്പരക്കു പിന്നാലെ രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം 20ന് ഹൈദരാബാദിലെത്താനാണ് ടീം അംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ, പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനും ക്ഷേത്ര സന്ദർശനം നടത്തുന്നതിനും വേണ്ടി പരിശീലനത്തിൽനിന്ന് ഒരുദിവസം അവധി നൽകണമെന്ന് ആവശ്യപ്പെട്ട് കോഹ്ലി ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു.
21ന് നെറ്റ്സിൽ പരിശീലിച്ചശേഷം അന്നു തന്നെ അയോധ്യയിലേക്കു പോകാനാണു കോഹ്ലിയുടെ തീരുമാനം. ബി.സി.സി.ഐ ഇത് അംഗീകരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ആവേശ് ഖാനും ധ്രുവ് ജുറേലും ടീമിലെ പുതുമുഖങ്ങളാണ്. ബെൻ സ്റ്റോക്സ് നായകനായശേഷം ഇംഗ്ലണ്ട് ടീം ആദ്യമായാണ് ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്നത്.
ടീം ഇന്ത്യ: രോഹിത് ശർമ (നായകൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, കെ.എൽ. രാഹുൽ, കെ.എസ്. ഭരത്, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, ആവേശ് ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.