അഫ്ഗാനെതിരായ ട്വന്റി 20യിൽ നാളെ വിരാട് കോഹ്‌ലി കളിക്കില്ല
text_fieldsമൊഹാലി: അഫ്ഗാനിസ്താനെതിരായ ട്വന്റ 20 പരമ്പരയിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് മൊഹാലിയിലെ മത്സരത്തിൽ നിന്ന് കോഹ്ലി വിട്ടുനിൽക്കുന്നതെന്ന് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമയും യശസ്വി ജയ്സ്വാളുമായിരിക്കും ഇന്നിങ്സ് ഓപൺ ചെയ്യുകയെന്ന് ദ്രാവിഡ് കൂട്ടിച്ചേർത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇൻഡോറിലും ബംഗളൂരും നടക്കുന്ന മറ്റുരണ്ടു മത്സരങ്ങളിൽ കോഹ്ലി തിരിച്ചെത്തും.
അതേസമയം, കോഹ്‌ലിയുടെ മകളുടെ പിറന്നളാണ് നാളെ, അതായിരിക്കാം വിട്ടുനിൽക്കുന്നതെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
2022 നവംബറിലാണ് കോഹ്‌ലി അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്. അഫ്ഗാനിസ്താനെതിരെയുള്ള പരമ്പര ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ പരമ്പരയാണ്. അതുകൊണ്ട് തന്നെ ടീം സെലക്ഷനിൽ ഉൾപ്പെടെ പരമ്പര സ്വാധീനിക്കും.
അതേസമയം, അഫ്ഗാനിസ്താന്റെ ലോകോത്തര സ്പിന്നർ റാഷിദ് ഖാന് പരിക്ക് മൂലം പരമ്പരയിൽ കളിക്കാനാകാത്തത് വലിയ ക്ഷീണമാകും. നവംബറിൽ നടുവിന് ശസ്ത്രക്രിയക്ക് വിധേയനായ റാഷിദ് ഖാൻ പൂർണമായും ഫിറ്റ്നസ് കൈവരിച്ചിട്ടില്ല. ലോകക്രിക്കറ്റിലെ അപകടകാരിയായ ബൗളർമാരിൽ ഒരാളായ റാഷിദ്ഖാന്റെ അഭാവം ഇന്ത്യക്ക് ആശ്വാസമാണ്. വ്യാഴാഴ്ച മൊഹാലിയിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴുമുതലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.