ഐ.പി.എല്ലിൽ പുതിയ റെക്കോഡ് സ്വന്തമാക്കി കോഹ്ലി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം
text_fieldsബംഗളൂരു: ഐ.പി.എല്ലിൽ പുതിയ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരം വിരാട് കോഹ്ലി. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഒരു വേദിയിൽ 3000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുൻ നായകൻ കൂടിയായ കോഹ്ലി കൈവരിച്ചത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ പന്ത് ലോങ് ലെഗ്ഗിലേക്ക് സിക്സ് പറത്തിയാണ് ഈ നേട്ടത്തിലെത്തിയത്. മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ നേടിയ 2295 റൺസാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം, മഴമൂലം ഇടക്ക് തടസ്സപ്പെട്ട മത്സരം പുനരാരംഭിച്ചു. നിലവിൽ ബംഗളൂരു എട്ട് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസെടുത്തിട്ടുണ്ട്. ബംഗളൂരുവിന്‍റെ ബാറ്റിങ് മൂന്നു ഓവർ പൂർത്തിയാകുമ്പോഴാണ് ആരാധകരെ ആശങ്കയിലാക്കി മഴ എത്തിയത്. നേരത്തെ, ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈ പ്ലേ ഓഫിലെത്തും. തോൽവി വഴങ്ങിയാൽപോലും വലിയ മാർജിനിൽ അല്ലെങ്കിൽ സി.എസ്.കെക്ക് അവസരമുണ്ട്. നിലവിൽ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്.
നിലവിൽ ചെന്നൈ റൺറേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്. അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. മികച്ച മാർജിനിൽ തന്നെ ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് എടുത്താൽ കുറഞ്ഞത് 18 റൺസിനെങ്കിലും ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 200 റൺസ് കുറിച്ചാൽ ബംഗളൂരു 11 പന്ത് ബാക്കിനിൽക്കെ ജയം നേടിയിരിക്കണം. ദിവസങ്ങളായി നഗരത്തിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. ഈ രാത്രിയിൽ മഴ മാറിനിന്നില്ലെങ്കിൽ ആതിഥേയർക്ക് മടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.