പണി ചോദിച്ചുവാങ്ങി! കോൺസ്റ്റാസിനെ ‘ചൊറിഞ്ഞ’ കോഹ്ലിക്ക് പിഴ
text_fieldsമെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യദിനം തന്നെ അനാവശ്യമായി 19കാരനായ സാം കോൺസ്റ്റാസിനോട് ചൊറിഞ്ഞതിന് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിക്ക് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് കോഹ്ലിക്ക് പിഴ ചുമത്തിയത്.
ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് അരങ്ങേറ്റക്കാരൻ കോൺസ്റ്റാസാണ്. ഓപ്പണറായി ഇറങ്ങിയ താരം അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ആദ്യ സെഷനിൽ ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട് കോൺസ്റ്റാസ് അതിവേഗം ടീം സ്കോർ ഉയർത്തുന്നത് തലവേദനയാകുമെന്ന് കണ്ടതോടെയാണ് കോഹ്ലി താരത്തെ പ്രകോപിപ്പിക്കുന്നത്. മത്സരത്തിന്‍റെ പത്താം ഓവറിലാണ് സംഭവം. സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടന്നുനീങ്ങുന്ന കോന്‍സ്റ്റാസിന്റെ തോളില്‍ കോഹ്ലി മനപൂർവം ഇടിച്ചതാണ് തർക്കത്തിനു കാരണമായത്.
കോൺസ്റ്റാസ് ഇത് ചോദ്യം ചെയ്തതോടെ കോഹ്ലിയും താരത്തോട് കയർത്തു സംസാരിച്ചു. ഒടുവിൽ അമ്പയറും ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖ്വാജയും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
ഇതിനിടെ കോൺസ്റ്റാസിന് കോഹ്ലി രൂക്ഷഭാവത്തോടെ നോക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കോഹ്ലിയുടെ അനാവശ്യ പ്രകോപനത്തോട് ബാറ്റുകൊണ്ടാണ് യുവതാരം മറുപടി നൽകിയത്. ലെവൽ വൺ കുറ്റമാണ് കോഹ്ലിക്കെതിരെ ചുമത്തിയത്. അതുകൊണ്ടാണ് താരത്തിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തിയത്. മുൻ ഓസീസ് നായകൻ റിക്കിങ് പോണ്ടിങ് ഉൾപ്പെടെയുള്ളവർ കോഹ്ലിക്ക് മത്സര വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലെവൽ ടൂ കുറ്റമാണെങ്കിൽ താരത്തിന് ഒരു മത്സരം പുറത്തിരിക്കേണ്ടിവരുമായിരുന്നു. ആദ്യ ഓവറില്‍ ബുംറയുടെ പന്തുകൾ ശ്രദ്ധയോടെ നേരിട്ടെങ്കിലും പിന്നീടങ്ങോട്ട് കണ്ടത് കോൺസ്റ്റാസിന്‍റെ അഴിഞ്ഞാട്ടമാണ്.
മത്സരത്തിന്‍റെ ഏഴാം ഓവറിൽ ബുംറ ആദ്യമായി 19കാരന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം, രണ്ടാം പന്ത് സിക്സും പറത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി. 2021നുശേഷം ടെസ്റ്റിൽ ബുംറയുടെ പന്തിൽ ആദ്യമായാണ് ഒരുതാരം സിക്സടിക്കുന്നത്. അതും ഒരു അരങ്ങേറ്റക്കാരൻ.
കാമറൂൺ ഗ്രീനാണ് ഇതിനു മുമ്പ് ടെസ്റ്റിൽ ബുംറയുടെ പന്തിൽ സിക്സ് നേടിയത്. ഏഴാം ഓവറിലെ അഞ്ചാം പന്തും താരം ബൗണ്ടറി കടത്തി. മൊത്തം ആ ഓവറിൽ 14 റൺസാണ് താരം നേടിയത്. ബുംറ നാലു വർഷത്തിനിടെ ടെസ്റ്റിൽ 4448 പന്തുകൾ എറിഞ്ഞെങ്കിലും ഒരാൾക്കുപോലും സിക്സ് നേടാൻ കഴിഞ്ഞിരുന്നില്ല. 11ാം ഓവറിലും ബുംറ യുവതാരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഒരു സിക്സും രണ്ടു ഫോറുമടക്കം 18 റൺസാണ് താരം അടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.