പെരുമാറ്റം അതിരുകടന്നു; വിരാട് കോഹ്ലിക്ക് വൻ പിഴ
text_fieldsന്യൂഡൽഹി: ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ അമ്പയർമാരോട് തർക്കിച്ചതിനാണ് നടപടി.
പുറത്തായ രീതിയെ ചോദ്യംചെയ്താണ് കോഹ്ലി അമ്പയർമാരോട് തട്ടിക്കയറിയത്. ഹർഷിത് റാണയുടെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകുകയായിരുന്നു താരം. നോ ബാളാണെന്ന് വാദിച്ച് റിവ്യൂവിന് നൽകിയെങ്കിലും ഔട്ടാണെന്നായിരുന്നു അന്തിമ വിധി.
കോഹ്ലി മികച്ച രീതിയിൽ ബാറ്റ് ചെയ്യവെ ഹര്‍ഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നാടകീയമായാണ് പുറത്തായത്. അരപ്പൊക്കത്തിൽ എറിഞ്ഞ റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളിലാണ് താരം ഔട്ടാകുന്നത്. പന്തിന് ബാറ്റ് വെച്ച കോഹ്ലി റിട്ടേൺ ക്യാച്ചായി. അമ്പയർ ഔട്ട് വിധിച്ചു. അത് നോബാളാണെന്ന് ഉറച്ചുവിശ്വസിച്ച കോഹ്ലി റിവ്യൂ എടുത്തു.
ഈ സമയം നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന നായകൻ ഫാഫ് ഡുപ്ലെസിസും അമ്പയറോട് നോബാൾ അല്ലെ എന്ന് ചോദിക്കുന്നുണ്ട്. ഡി.ആർ.എസ് പരിശോധനയിൽ കോഹ്ലി ക്രീസിന് പുറത്താണെന്നും സ്ലോ ബാളായതിനാൽ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിങ്ങിലൂടെ ഉറപ്പിച്ച മൂന്നാം അമ്പയർ, ഔട്ട് തന്നെയാണെന്ന് വിധിക്കുകയും ചെയ്തു. തീരുമാനം വിശ്വസിക്കാനാകാതെ നോബാളാണെന്ന് പറഞ്ഞ് ഫീൽഡ് അമ്പയർമാരോട് കോഹ്ലി തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
രോഷാകുലനായാണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്. പോകുന്ന വഴി ബൗണ്ടറി ലൈനിന് പുറത്ത് വെച്ചിരുന്ന ചവറ്റുകൊട്ടയും കൈകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ഹര്‍ഷിത് റാണയുടെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും പന്തിൽ കോഹ്ലി സിക്സുകൾ നേടിയിരുന്നു. പിന്നീട് ഡഗ് ഔട്ടിലിരിക്കുമ്പോഴും കോഹ്ലിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ബംഗളൂരുവിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 221 റൺസിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.