ഇനി നായകന്‍റെ ഭാരമില്ലാതെ കോഹ്‌ലി
text_fieldsവിരാട് കോഹ്ലിയുടെ കഴിവിൽ ആർക്കും സംശയമില്ല. കോഹ്ലിക്കു പകരം വെക്കാൻ ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു താരമില്ലെന്നതും വസ്തുതയാണ്. അദ്ദേഹത്തിന്‍റെ കടുത്ത വിമർശകർപോലും ഇത് അംഗീകരിക്കുന്നു.
എന്നാൽ, ഏതാനും വർഷങ്ങളായി കോഹ്ലിയുടെ കരിയറിൽ എടുത്തു പറയാനുള്ള നേട്ടങ്ങളൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ഐ.സി.സി ടൂർണമന്‍റെ് പോലും അദ്ദേഹത്തിനു കീഴിൽ ടീമിന് നേടാനായിട്ടില്ല. ഇന്ത്യയുടെ റൺ മെഷീന് 2019നു ശേഷം അന്താരാഷ്ട്ര ക്രക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല.
കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിനു മൂന്നോടിയായാണ് കോഹ്‌ലി ട്വന്‍റി 20 നായക സ്ഥാനം രാജിവെക്കുന്നത്. പിന്നാലെ ബി.സി.സി.ഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കി. ഇതിനെ ചൊല്ലി വിവാദങ്ങളും ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന ലക്ഷ്യവുമായാണ് ഇത്തവണ ഇന്ത്യൻ ടീം വിമാനമിറങ്ങിയത്. ആദ്യ ടെസ്റ്റ് അനായാസം ജയിച്ച, ഇന്ത്യ ബാക്കിയുള്ള രണ്ടു മത്സരങ്ങളും അവർക്കു മുന്നിൽ അടിയറവെച്ചു. പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്ത ഞെട്ടിച്ച് താരം ടെസ്റ്റ് ക്രിക്കറ്റ് നായക സ്ഥാനവും രാജിവെക്കുന്നത്.
2014ൽ ധോണിയിൽനിന്നാണ് ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുക്കുന്നത്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ടെസ്റ്റുകൾ ജയിച്ചു. നായകന്‍റെ ഉത്തരവാദിത്ത ഭാരമില്ലാതെ ബാറ്റേന്തുന്ന കോഹ്ലിയെ ഏറെ സൂക്ഷിക്കണമെന്ന് മുൻതാരം ഗൗതം ഗംഭീർ മുന്നറിയിപ്പ് നൽകിയിരുന്നു. അവൻ മുറിവേറ്റ പുലിയാണെന്നും കരുതിയിരിക്കണമെന്നുമായിരുന്നു ഗംഭീർ പറഞ്ഞത്.
ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും നായക സ്ഥാനം ഒഴിഞ്ഞ, ക്യാപ്റ്റൻസിയുടെ ഭാരമില്ലാത്ത കോഹ്‌ലി വരുംനാളുകളിൽ ബാറ്റുകൊണ്ട് വിമർശകർക്ക് മറുപടി പറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...
ക്രിക്കറ്റ് ലോകം പ്രതികരിക്കുന്നു;
ടെസ്റ്റ് ടീമിനെ അഭൂതപൂർവമായ ഉയരങ്ങളിലെത്തിച്ച പ്രശംസനീയമായ നേതൃഗുണങ്ങൾക്ക് ഇന്ത്യൻ ടീം ക്യാപ്റ്റൻ കോഹ്ലിയെ അഭിനന്ദിക്കുന്നതായി ബി.സി.സി.ഐ പറഞ്ഞു. 68 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച അദ്ദേഹം 40 വിജയങ്ങളോടെ ഏറ്റവും മികച്ച ക്യാപ്റ്റനാണെന്നും ബി.സി.സി.ഐ ട്വിറ്ററിൽ കുറിച്ചു.
വിരാട് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേൽക്കുമ്പോൾ, ഇന്ത്യ വിദേശത്ത് ഒരു ടെസ്റ്റ് വിജയിച്ചത് ഒരു നേട്ടമായിരുന്നു, ഇപ്പോൾ ഇന്ത്യ ഒരു വിദേശ ടെസ്റ്റ് പരമ്പര തോറ്റാൽ അത് അസ്വസ്ഥമാണ്. ഇന്ത്യൻ ക്രിക്കറ്റിനെ അദ്ദേഹം എത്രത്തോളം മുന്നോട്ട് നയിച്ചു, അതാണ് അദ്ദേഹത്തിന്‍റെ പാരമ്പര്യം. വിരാട് കോഹ്ലിയുടെ വിജയകരമായ ഭരണത്തിന് അഭിനന്ദനങ്ങൾ -മുൻ ഇന്ത്യൻ ഓപ്പണർ വാസിം ജാഫർ ട്വിറ്ററിൽ കുറിച്ചു.
''ഏഴ് വർഷത്തിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ'' ഐ.സി.സി കുറിച്ചു.
''ടീം ഇന്ത്യ ക്യാപ്റ്റനെന്ന നിലയിലുള്ള മഹത്തായ പ്രവർത്തനത്തിന് കോഹ്ലിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയിലും പുറത്തും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മികച്ച യൂനിറ്റായി വിരാട് ടീമിനെ മാറ്റി. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ടെസ്റ്റ് വിജയങ്ങൾ സവിശേഷമാണ്'' -ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
''ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻമാരുടെ പേരുകൾ ഉയരുമ്പോഴെല്ലാം കോഹ്ലിയുടെ പേര് മുന്നിലുണ്ടാകും. ഫലങ്ങൾ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും വലുതാണ്. വിരാട് കോഹ്ലിക്ക് നന്ദി -മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.