''ഉയർന്ന സമ്മർദമുള്ള കളിയിൽ ആർക്കും തെറ്റ് പറ്റാം'', സൈബർ ആക്രമണത്തിനിരയായ അർഷ്ദീപിന് പിന്തുണയുമായി വിരാട് കോഹ്‍ലി
text_fieldsഏഷ്യാ കപ്പ് ട്വന്റി 20യിൽ ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിൽ ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടതിനെ തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് പിന്തുണയുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഉയർന്ന സമ്മർദമുള്ള കളിയിൽ ആർക്കും ഇത്തരമൊരു തെറ്റ് പറ്റാമെന്നാണ് കോഹ്‌ലി പ്രതികരിച്ചത്.
"ആർക്കും തെറ്റ് പറ്റാം. അത് ഉയർന്ന സമ്മർദമുള്ള കളിയായിരുന്നു, തെറ്റുകൾ സംഭവിക്കാം. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞാൻ എന്റെ ആദ്യ ചാമ്പ്യൻസ് ട്രോഫി കളിക്കുകയായിരുന്നു. ആ മത്സരം പാകിസ്താനെതിരെ ആയിരുന്നു. ഞാൻ ഷാഹിദ് അഫ്രീദിക്കെതിരെ വളരെ മോശം ഷോട്ട് കളിച്ചു. അന്നെനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഞാൻ രാവിലെ അഞ്ച് മണി വരെ മുറിയിലെ സീലിങ് നോക്കി കിടക്കുകയായിരുന്നു. എന്റെ കരിയർ അവസാനിച്ചെന്ന് ഞാൻ കരുതി. എന്നാൽ, ഇതെല്ലാം സ്വാഭാവികമാണ്. മുതിർന്ന കളിക്കാർ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ട്. ഇപ്പോൾ നല്ല ടീം അന്തരീക്ഷമുണ്ട്. അതിന്റെ ക്രെഡിറ്റ് ഞാൻ ക്യാപ്റ്റനും പരിശീലകനും നൽകുന്നു. കളിക്കാർ അവരുടെ തെറ്റുകളിൽനിന്ന് പാഠം പഠിക്കുന്നു. അതിനാൽ ഒരാൾ തന്റെ തെറ്റ് അംഗീകരിക്കുകയും അത് പരിഹരിക്കുകയും അതുപോലുള്ള സമ്മർദങ്ങൾ നേരിടാൻ തയാറായിരിക്കുകയും വേണം'' കോഹ്‍ലി പറഞ്ഞു.
ഞായറാഴ്ച നടന്ന മത്സരത്തിൽ ജയിക്കാൻ 34 റൺസ് വേണ്ട ഘട്ടത്തിൽ 18ാം ഓവറിലാണ് ആസിഫ് അലിയെ രവി ബിഷ്‌ണോയിയുടെ പന്തിൽ അർഷ്ദീപ് കൈവിട്ടത്. തുടർന്നാണ് അർഷ്ദീപിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. ഖാലിസ്ഥാനി എന്ന് വിളിച്ച് നിരവധി ട്വീറ്റുകളാണ് താരത്തിനെതിരെ പ്രത്യക്ഷപ്പെട്ടത്. നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. താരത്തിന്‍റെ കുടുംബത്തിന് നേരെയും വിമര്‍ശനമുയർന്നിരുന്നു. ഇതോടെ അർഷ്ദീപിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.