റൺവേട്ടയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് കോഹ്‍ലി, മറികടന്നത് സെവാഗിനെ
text_fieldsടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിരാട് കോഹ്‍ലി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതെത്തിയിരിക്കുകയാണ് മുൻനായകൻ. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ 36 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന കോഹ്ലി സാക്ഷാൽ വീരേന്ദർ സെവാഗിനെ മറികടന്നാണ് അഞ്ചാമതെത്തിയത്.
103 ടെസ്റ്റിൽ 23 സെഞ്ച്വറികളും 31അർധശതകങ്ങളുമടക്കം 49.43 ശരാശരിയിൽ 8503 റൺസാണ് സെവാഗിന്റെ സമ്പാദ്യം. തന്റെ 110-ാം ടെസ്റ്റ് കളിക്കുന്ന കോഹ്‍ലിയുടെ അക്കൗണ്ടിൽ 28 വീതം സെഞ്ച്വറിയും അർധശതകങ്ങളുമടക്കം 48.93 ശരാശരിയിൽ 8515 റൺസാണ് ഇപ്പോഴുള്ളത്.
ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കറാണ് 200 ടെസ്റ്റിൽ 51 സെഞ്ച്വറിയും 68 അർധശതകങ്ങളുമടക്കം 53.78 ശരാശരിയിൽ 15, 921 റൺസുമായി ഒന്നാം സ്ഥാനത്തുള്ളത്. 163 ടെസ്റ്റിൽ 36 സെഞ്ച്വറിയും 63 ഫിഫ്റ്റിയുമടക്കം 52.63 ശരാശരിയിൽ 13625 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ 125 ടെസ്റ്റിൽ 10122 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്. 51.12 ശരാശരിയിൽ 34 സെഞ്ച്വറിയും 45 അർധശതകങ്ങളുമടക്കമാണിത്.
134 മത്സരങ്ങളിൽ 8781 റൺസുള്ള വി.വി.എസ്. ലക്ഷ്മൺ ആണ് നാലാമത്. 45.97 ശരാശരിയിലാണ് ലക്ഷ്മണിന്റെ റൺവേട്ട. ലക്ഷ്മണിനെ മറികടന്ന് നാലാം സ്ഥാനത്തെത്താൻ കോഹ്ലിക്ക് ഇനി 267 റൺസ് കൂടി മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.