ട്വൻറി20 ലോകകപ്പ് ഇലവനിൽ രണ്ട് ഇന്ത്യൻ താരങ്ങൾ- 12ാമനായി ഹാർദികും
text_fieldsസിഡ്നി: മെൽബൺ മൈതാനത്ത് തിരശ്ശീലവീണ കുട്ടിക്രിക്കറ്റിന്റെ ലോകമേളയിൽ നേരത്തെ മടങ്ങിയെങ്കിലും ഏറ്റവും വിലകൂടിയ താരങ്ങളെ തിരഞ്ഞെടുത്തതിൽ രണ്ടു പേർ ഇന്ത്യക്കാർ. ആറു രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ലോകകപ്പ് ഇലവനിൽ ഇടംപിടിച്ചത്. ചാമ്പ്യൻന്മാരായ ഇംഗ്ലണ്ട്, പാകിസ്താൻ, സെമി കളിച്ച ഇന്ത്യക്കു പുറമെ ന്യൂസിലൻഡ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവക്കാണ് പ്രാതിനിധ്യം.
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപറും ഓപണിങ് ബാറ്ററുമായ ജോസ് ബട്ലർ, ഇന്ത്യയെ നിരപ്പാക്കിയ ഓപണിങ് കൂട്ടായ അലക്സ് ഹെയിൽസ്, പേസർ സാം കറൻ എന്നിവരാണ് ഇംഗ്ലീഷുകാർ. ബാറ്റിങ്ങിൽ പട നയിച്ച മുൻ നായകൻ വിരാട് കോഹ്ലിയും വെടിക്കെട്ടുമായി കളംനിറഞ്ഞ സൂര്യകുമാർ യാദവുമാണ് ഇന്ത്യക്കാർ. 12ാമനായി ഹാർദിക് പാണ്ഡ്യയും ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം നമ്പറായി ഇറങ്ങി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം കൂടിയാണ് കോഹ്ലി. 98.66 സ്ട്രൈക് റേറ്റിൽ 296 റൺസ് ആണ് സമ്പാദ്യം. പാകിസ്താനെതിരെ പുറത്താകാതെ 82 റൺസ് അടിച്ചുകൂട്ടിയായിരുന്നു ടൂർണമെന്റിൽ വരവറിയിച്ചത്. ബംഗ്ലദേശിനെതിരെ 64ഉം ഡച്ചുകാർക്കെതിരെ 62ഉം നേടിയ താരം ഇംഗ്ലണ്ടിനെതിരെയും അർധ സെഞ്ച്വറി കുറിച്ചു. നാലാമനായി ക്രീസിലെത്തിയിരുന്ന സൂര്യകുമാറിന് 239 റൺസാണ് സമ്പാദ്യം. നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവർക്കെതിരെ അർധ സെഞ്ച്വറി നേടി.
ന്യൂസിലൻഡിന്റെ െഗ്ലൻ ഫിലിപ്സ് (201 റൺസ്), സിംബാബ്വെയുടെ സിക്കന്ദർ റാസ (219 റൺസ്), പാകിസ്താന്റെ ഷദാബ് ഖാൻ (11 വിക്കറ്റും 98 റൺസും), ഷഹീൻഷാ അഫ്രീദി (11 വിക്കറ്റ്), ദക്ഷിണാഫ്രിക്കൻ താരം ആന്റിച് നോർജെ (11 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ തന്നെ മാർക് വുഡ് (ഒമ്പത് വിക്കറ്റ്) എന്നിവരുമാണ് ആദ്യ ഇലവനിലെ മറ്റുള്ളവർ. 128 റൺസും എട്ടു വിക്കറ്റും നേടിയ ഹാർദിക് പാണ്ഡ്യ 12ാമനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.