ലോകകപ്പിലെ ആദ്യ വിക്കറ്റ് നേടി കോഹ്ലി; ആഘോഷമാക്കി അനുഷ്ക ശർമ -വിഡിയോ വൈറൽ
text_fieldsബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ ദീപാവലി വെടിക്കെട്ടാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ബാറ്റിങ് വെടിക്കെട്ട് തീർത്തത് ശ്രേയസ്സ് അയ്യരും കെ.എൽ. രാഹുലും. ഇരുവരുടെയും തകർപ്പൻ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വമ്പൻ സ്കോറിലെത്തിയത്.
കോഹ്ലിയും നിരാശപ്പെടുത്തിയില്ല. അർധ സെഞ്ച്വറി നേടിയാണ് ( 53 പന്തിൽ 51 റൺസ്) താരം മടങ്ങിയത്. ഏകദിനത്തിലെ കോഹ്ലിയുടെ 50ാം റെക്കോഡ് സെഞ്ച്വറിക്കായി താരം ഇനിയും കാത്തിരിക്കണം. കോഹ്ലിക്ക് സന്തോഷിക്കാൻ മറ്റൊരു വകയുണ്ടായിരുന്നു. മത്സരത്തിൽ 23ാം ഓവർ എറിയാൻ നായകൻ രോഹിത്ത് ശർമ പന്തു നൽകിയത് കോഹ്ലിക്കായിരുന്നു. പിന്നാലെ ഗാലറിയിൽ ആവേശം അണപ്പൊട്ടി.
കോഹ്ലിയെ കൊണ്ട് പന്തെറിയിക്കണമെന്ന് ഗാലറിയിൽ ആരാധകർ നേരത്തെ തന്നെ ആവശ്യപ്പെടുന്നുണ്ട്. ഇതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. നായകൻ ആരാധകരെ നിരാശരാക്കിയില്ല. അഞ്ചു ബൗളർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. എന്നാൽ, പേസർ മുഹമ്മദ് സിറാജ് കഴുത്തിന് പരിക്കേറ്റ് പുറത്തുപോയതിനു പിന്നാലെയാണ് കോഹ്ലിയും പന്തെറിയാൻ നിർബന്ധിതനായത്.
ആദ്യ ഓവറിൽ ഏഴു റൺസാണ് കോഹ്ലി വഴങ്ങിയത്. എന്നാൽ, 25ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിൽ ആരാധകർ കാത്തിരുന്നത് സംഭവിച്ചു. ഡച്ച് നായകൻ സ്കോട്ട് എഡ്വേർഡിനെ കോഹ്ലി രാഹുലിന്‍റെ കൈയിലെത്തിച്ചു. പിന്നാലെ ഗാലറിയിൽ ആവേശം കൊടുമുടി കയറി. ചിരിച്ചാണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
എന്നാൽ, ഈസമയം ഗാലറിയിലുണ്ടായിരുന്ന അനുഷ്ക ശർമ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഭർത്താവിന്‍റെ വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഏകദിനത്തിൽ കോഹ്ലിയുടെ അഞ്ചാം വിക്കറ്റാണിത്. ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് താരം വിക്കറ്റ് നേടുന്നത്. ലോകകപ്പിലെ താരത്തിന്‍റെ ആദ്യ വിക്കറ്റെന്നെ പ്രത്യേകതയും ഇതിനുണ്ട്. ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് കോഹ്ലി പന്തെറിയുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിലും താരം പന്തെറിഞ്ഞിരുന്നു. പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ പിന്‍വാങ്ങിയപ്പോള്‍ ശേഷിക്കുന്ന മൂന്ന് പന്തുകളാണ് താരം എറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.