കൗണ്ടി ക്രിക്കറ്റ് കളിക്കാൻ കോഹ്ലി; ഇംഗ്ലണ്ട് പരമ്പരക്കു മുമ്പായി ആത്മവിശ്വാസം വീണ്ടെടുക്കാൻ താരം
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു.
ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറിയടക്കം അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 190 റൺസാണ് താരം ആകെ നേടിയത്. എട്ടു തവണയും പുറത്തായത് ഓസീസ് ബൗളർമാരുടെ ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങിയാണ്. വിക്കറ്റ് അനാവശ്യമായി വലിച്ചെറിഞ്ഞ കോഹ്ലിക്കെതിരെ മുൻതാരങ്ങൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. നായകൻ രോഹിത് ശർമക്കൊപ്പം കോഹ്ലിയുടെ റെഡ് ബാൾ ക്രിക്കറ്റ് ഭാവിയും ഇതോടെ ചർച്ചയായി. താരം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യവും ശക്തമായി.
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ട് പരമ്പരക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായി കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരമ്പക്കു മുമ്പായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച വേദി കൗണ്ടി ക്രിക്കറ്റാണെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരകളിലും താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഔട്ട് സൈഡ് ഓഫ് സ്റ്റെമ്പിന് പുറത്തേക്ക് പോകുന്ന പന്തുകൾ കളിക്കുന്നതിലെ ദൗർബല്യവും താരത്തിന് മറികടക്കണം.
അതേസമയം, കൗണ്ടി ക്രിക്കറ്റും ഐ.പി.എല്ലും ഒരേ സമയത്താണ് നടക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്‍റെ പ്രധാന താരമാണ് കോഹ്ലി. അതുകൊണ്ടു തന്നെ ഐ.പി.എല്ലിൽനിന്ന് വിട്ടുനിന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത് അത്ര എളുപ്പമല്ല. ആർ.സി.ബി പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ താരത്തിന് ഏതാനും കൗണ്ടി മത്സരങ്ങളിൽ പങ്കെടുക്കാനാകും. മറിച്ച് ബംഗളൂരു മേയ് 25ന് നടക്കുന്ന ഐ.പി.എൽ ഫൈനലിൽ എത്തിയാൽ കുറഞ്ഞ ദിവസങ്ങൾ മാത്രമേ താരത്തിന് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ലഭിക്കു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.