സഞ്ജു ആസ്ട്രേലിയക്കെതിരായ ഏകദിന ടീമിലും, രോഹിത് ടെസ്റ്റ് ടീമിൽ
text_fieldsന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പരിക്കേറ്റ രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയും, ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ അവധി നൽകിയും, മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയുമാണ് പുതിയ മാറ്റങ്ങൾ. ആദ്യ ടെസ്റ്റിനു ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ടെസ്റ്റിലും അജിൻക്യ രഹാനെയാവും ടീമിനെ നയിക്കുക. അഡലെയ്ഡ് ടെസ്റ്റ് (ഡിസംബർ 17) മാത്രമാവും കോഹ്ലി കളിക്കുക.
നേരത്തെ പൂർണമായി ഒഴിവാക്കിയ രോഹിത് ശർമയെ, പരിക്ക് ഭേദമായ സാഹചര്യത്തിലാണ് തിരികെ വിളിച്ചത്. എന്നാൽ, ട്വൻറി20, ഏകദിന പരമ്പരയിൽ കളിക്കില്ല. ഇശാന്ത് ശർമയെ ഫിറ്റ്നസ് പരിശോധിച്ച ശേഷം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താനാണ് ധാരണ.
ട്വൻറി20 ടീമിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം വരുൺ ചക്രവർത്തിക്ക് പരിക്ക് വില്ലനായി. തോളിലേറ്റ പരിക്ക് വിവരം മറച്ചുവെക്കുകയും, തുടർന്നും കൊൽക്കത്തക്കായി കളിക്കുകയും ചെയ്ത വരുണിന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് റിപ്പോർട്ട്. കളിക്കാർ പരിക്ക് മറച്ചുവെക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.സി.സി.െഎ. പകരക്കാരനായി യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജനെ ട്വൻറി20 ടീമിൽ ഉൾപ്പെടുത്തി. നേരത്തെ ട്വൻറി20 ടീമിൽ മാത്രം ഉൾപ്പെടുത്തിയ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലാണ് ഏകദിന ടീമിലും പരിഗണിച്ചത്.
നവംബർ 27ന് ആരംഭിക്കുന്ന പരമ്പരക്കായി ഇന്ത്യൻ ടീം ബുധനാഴ്ച ദുബൈയിൽനിന്ന് ആസ്ട്രേലിയയിലേക്ക് പറക്കും.
ട്വൻറി 20: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, ദീപക് ചഹാർ, ടി.നടരാജൻ
ടെസ്റ്റ് : വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, പ്രഥ്വിഷാ, ചേതേശ്വർ പൂജാര, ആജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, കുൽദീപ് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജദേജ, ആർ.അശ്വിൻ, മുഹമ്മദ് സിറാജ്
ഏകദിനം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് ഷൈനി, ഷർദുൽ താക്കൂർ, സഞ്ജു സാംസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.