കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകം; എല്ലാപാർട്ടികളും ചേർന്ന് പരിഹാരം കാണുമെന്ന് എനിക്കുറപ്പുണ്ട് -വിരാട് കോഹ്ലി
text_fieldsന്യൂഡൽഹി: രാജ്യത്ത് കത്തിപ്പടരുന്ന കാർഷിക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും രാഷ്ട്രീയപ്പാർട്ടികളെല്ലാം ചേർന്ന് പരിഹാരം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും കോഹ്ലി പ്രതികരിച്ചു.
''വിയോജിപ്പുകൾക്കപ്പുറത്ത് നമുക്ക് ഒരുമിച്ചുനിൽക്കാം. കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യഘടകമാണ്. സമാധാനം കൊണ്ടുവരാനും ഒന്നിച്ച് മുന്നോട്ട് പോകാനും എല്ലാപാർട്ടികളും ചേർന്ന് പരിഹാരം കൊണ്ടുവരുമെന്ന് എനിക്കുറപ്പുണ്ട്'' - കോഹ്ലി ട്വീറ്റ് ചെയ്തു.
നിലപാട് വ്യക്തമല്ലെങ്കിലും കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട' ഹാഷ്ടാഗ് കോഹ്ലി ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്. 'ഇന്ത്യ ടുഗെദർ' എന്ന ടാഗാണ് കോഹ്ലി ഉപയോഗിച്ചത്. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംെബ്ല, സുരേഷ്റെയ്ന അടക്കമുള്ളവർ ഈ ടാഗ് ഉപയോഗിച്ചിരുന്നു.
പോപ് ഗായിക രിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികൾ കർഷക പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയത് കേന്ദ്രസർക്കാറിന് പ്രതിഛായ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിന് തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' കാമ്പയിൻ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.