കോഹ്ലി ഐ.പി.എല്ലിലും കളിക്കില്ല? അഭ്യൂഹത്തിന് ശക്തിപകർന്ന് ഗവാസ്കർ
text_fieldsഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി വിട്ടുനിൽക്കുന്നത്. ടീമിൽനിന്ന് കോഹ്ലി പെട്ടെന്ന് അവധിയെടുത്തതിന്‍റെ കാരണം ബി.സി.സി.ഐയും വെളിപ്പെടുത്തിയിരുന്നില്ല.
ആരാധകർക്കിടയിൽ ഇത് പലവിധ അഭ്യൂഹങ്ങൾക്ക് കാരണമായി. ഇതിനിടെയാണ് കോഹ്ലിയും അനുഷ്ക ശർമയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് വെളിപ്പെടുത്തുന്നത്. പിന്നാലെ ഡിവില്ലിയേഴ്സ് ഇക്കാര്യം പിൻവലിച്ചെങ്കിലും ആ വാർത്ത ശരിയായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം തങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന കാര്യം കോഹ്ലി തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ലണ്ടനിലെ ആശുപത്രിയിലാണ് അനുഷ്ക രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികൾ ഇപ്പോഴും ലണ്ടനിൽതന്നെയാണ്. ഇതിനിടെയാണ് കോഹ്ലി ഐ.പി.എല്ലിലും കളിക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കറുടെ പരാമർശമാണ് അഭ്യൂഹം ശക്തമാക്കിയത്. മാർച്ച് 22ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം.
‘കളിക്കുമോ... വ്യക്തിപരമായ കാരണങ്ങളാൽ കോഹ്ലി കളിക്കുന്നില്ല, ഒരുപക്ഷേ ഐ.പി.എല്ലിലും കളിച്ചേക്കില്ല’ -ഗവാസ്കർ പറഞ്ഞു. നീണ്ട ഇടവേളക്കുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന കോഹ്ലി ഐ.പി.എല്ലിൽ റൺസ് അടിച്ചുകൂട്ടുമോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഗവാസ്കർ ഇങ്ങനെ പ്രതികരിച്ചത്. റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ഗവാസ്കർ.
ഈ ഐ.പി.എല്ലിലെ സൂപ്പർതാരം രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
റാഞ്ചിയിൽ നടന്ന കരിയറിലെ രണ്ടാം ടെസ്റ്റിൽ തന്നെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ഇന്നിങ്സിലെ 90 റൺസും രണ്ടാം ഇന്നിങ്സിലെ 39 റൺസ് നോട്ടൗട്ട് പ്രകടനവുമാണ് ഇന്ത്യക്ക് നാലാം ടെസ്റ്റിൽ ജയവും പരമ്പരയും സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.