കോഹ്‍ലി രഞ്ജി കളിക്കുന്നത് കാണാൻ തിക്കും തിരക്കും; കാണികൾക്ക് പരിക്ക്, പൊലീസ് വാഹനത്തിന് കേടുപാട്
text_fieldsഡൽഹി: ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ വിരാട് കോഹ്‍ലിയുടെ കളി കാണാൻ ആരാധകർ ഒഴുകിയെത്തിയപ്പോൾ ആവേശത്തിനൊപ്പം അങ്കലാപ്പും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡൽഹിക്കുവേണ്ടി രഞ്ജി മത്സരത്തിനിറങ്ങുന്നത് കാണാൻ പുലർച്ചെ മൂന്ന് മണി മുതലാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
വ്യാഴാഴ്ച റെയിൽവേസിനെതിരെ തുടങ്ങിയ ചതുർദിന മത്സരത്തിന്റെ ആദ്യദിനത്തിൽ സൂപ്പർ താരത്തിന്റെ കളി കാണാൻ എത്തിയ കാണികളുടെ ബാഹുല്യം ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൻ വൻ തിക്കും തിരക്കും സൃഷ്ടിച്ചു. സ്റ്റേഡിയത്തിൽ ഇടംപിടിക്കാൻ തിരക്കുകൂട്ടിയ കാണികൾ തമ്മിൽ കശപിശയുമായതോടെ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ ഒരു പൊലീസ് ബൈക്കിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു.
പുലർച്ചെ മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള കാണികളുടെ ക്യൂ രുപപ്പെട്ട് തുടങ്ങിയിരുന്നു. എന്നാൽ, ആരാധകരെ ഗാലറിയിലേക്ക് പ്രവേശിപ്പിച്ചത് മത്സരത്തിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ്. ‘ആർ.സി.ബി, ആർ.സി.ബി’ എന്ന വിളികളുമായി കുറേ ആരാധകർ ഗാലറിയിൽ ഇടംപിടിച്ചിരുന്നു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ് കോഹ്‍ലി.
2012 നവംബറിലാണ് കോഹ്‍ലി ഇതിന് മുൻപ് രഞ്ജി ട്രോഫിയിൽ കളിച്ചത്. അന്ന് ഉത്തർപ്രദേശിനെതിരെ ഗാസിയാബാദിലായിരുന്നു മത്സരം. വീരേന്ദർ സെവാഗും ഇപ്പോഴത്തെ കോച്ച് ഗൗതം ഗംഭീറും അന്ന് കോഹ്‍ലിക്കൊപ്പം ഡൽഹി ടീമിലുണ്ടായിരുന്നു. രഞ്ജി ട്രോഫിയിൽ 23 മത്സരങ്ങൾ കളിച്ച താരം, അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടെ 50.77 ബാറ്റിങ് ശരാശരിയിൽ 1574 റൺസ് നേടിയിട്ടുണ്ട്.
ആയുഷ് ബദോനിയാണ് ഈ സീസണിൽ ഡൽഹിയുടെ നായകൻ. റെയിൽവേസിനെതിരെ ടോസ് നേടിയ ഡൽഹി ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യദിനം 40 ഓവർ പിന്നിടുമ്പോൾ റെയിൽവേസ് ആറു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.