‘‘അശ്വിൻ ശരിക്കും ശാസ്ത്രജ്ഞനാ..’’ ബംഗ്ലദേശിനെ വീഴ്ത്തിയ താരത്തെ കുറിച്ച് വൈറലായി സെവാഗിന്റെ ട്വീറ്റ്
text_fieldsബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 74 എന്ന നിലയിൽ എട്ടുനിലയിൽ പൊട്ടാനിരുന്ന ടീമിനെ ശ്രേയസ് അയ്യർക്കൊപ്പം വിജയത്തിലേക്കു ബാറ്റുപിടിച്ചുനടത്തിയ രവിചന്ദ്ര അശ്വിനാണിപ്പോൾ താരം. ബൗളറായും ബാറ്ററായും തിളങ്ങാനറിയുന്ന താരം പക്ഷേ, പലപ്പോഴും സൈഡ് ബെഞ്ചിലാകുന്നതിനിടെയാണ് അയൽനാട്ടിൽ നാണക്കേടില്ലാതെ ടീമിനെ രക്ഷിച്ചത്.
ആദ്യ ഇന്നിങ്സ് ലീഡ് കൂട്ടുണ്ടായിരുന്നതിനാൽ വിജയിക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് 145 റൺസ് മാത്രം. എന്നാൽ, മുൻനിര മൊത്തത്തിൽ ‘കളി വേണ്ടെന്നുവെച്ച്’ വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറിയതോടെ തോൽവി മാത്രമായി ടീമിനു മുന്നിൽ. മെഹ്ദി ഹസൻ മിറാസ് എന്ന ഓഫ് സ്പിന്നറായിരുന്നു ബംഗ്ലാനിരയിലെ അന്തകൻ. തോൽക്കാൻ മനസ്സില്ലാതെ പിടിച്ചുനിന്ന അശ്വിൻ 42 റൺസുമായി തകർത്തടിച്ചതോടെ ഇന്ത്യ ജയവും പരമ്പരയുമായി ആഘോഷമാക്കി. 29 റൺസായിരുന്നു ശ്രേയസ് അയ്യരുടെ സംഭാവന. ഇരുവരും ചേർന്നുള്ള എട്ടാം വിക്കറ്റിൽ പിറന്നത് 71 റൺസ്.
അശ്വിനെ വാഴ്ത്തി മുൻ ദേശീയ താരം സെവാഗ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘‘ശാസ്തജ്ഞൻ അതു പൂർത്തിയാക്കിയിരിക്കുന്നൂ. എങ്ങനെയൊക്കെയോ അത് കടന്നുകിട്ടി. അശ്വിന്റെ മഹത്തായ ഇന്നിങ്സ്. ശ്രേയസ് അയ്യർക്കൊപ്പം കിടിലൻ കൂട്ടുകെട്ട്’’. ഇതോടൊപ്പം, പരീക്ഷണശാലയിൽ ശാസ്ത്രജ്ഞൻ പരീക്ഷണം നടത്തുന്ന ചിത്രവും പങ്കുവെച്ചു.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ കെ.എൽ രാഹുലിനെ ശാകിബ് മടക്കിയപ്പോൾ പൂജാര, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരെ തിരിച്ചയച്ചത് മെഹ്ദി. പിന്നെയും കൊടുങ്കാറ്റായി മഹ്ദി 63 റൺസ് നൽകി അഞ്ച് ഇന്ത്യൻ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
തോൽക്കേണ്ട മത്സരം ഒറ്റക്കു പൊരുതി ജയിപ്പിച്ച അശ്വിനായിരുന്നു കളിയിലെ കേമൻ. പൂജാര പരമ്പരയുടെ താരവും.
അതേ സമയം, കളിക്കു ശേഷം തന്നെ കുറിച്ച് വ്യാപകമായി നിലനിൽക്കുന്ന പരാതിയെ കുറിച്ച് ട്വിറ്ററിൽ പ്രതികരിച്ച് അശ്വിനും എത്തിയിരുന്നു. ‘അമിതമായ ചിന്ത’ എന്നാണ് തന്നെ കുറിച്ച ആരോപണമെന്നു പറഞ്ഞായിരുന്നു ദീർഘമായ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.