ഐ.സി.സി ഇതിഹാസ നിരയിലേക്ക് വീരേന്ദർ സെവാഗും; ആദ്യ ഇന്ത്യൻ വനിതയായി ഡയാന എഡുൽജിയും പട്ടികയിൽ
text_fieldsദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഹാൾ ഓഫ് ഫെയിം നിരയിലേക്ക് മൂന്ന് താരങ്ങൾ കൂടി ഇടംനേടി. മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗും ശ്രീലങ്കൻ ഇതിഹാസം അരവിന്ദ ഡി സിൽവയും മുൻ ഇന്ത്യൻ വനിതാ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഡയാന എഡുൽജിയുമാണ് ഇതിഹാസ നിരയിലേക്ക് ഈ വർഷം പരിഗണിക്കപ്പെട്ടത്.
ലോകത്തെ 112 താരങ്ങളുള്ള പട്ടികയിൽ ഇന്ത്യയുടെ ഏഴു താരങ്ങൾ നേരത്തെ ഇടം നേടിയിട്ടുണ്ട്. സുനിൽ ഗവാസ്‌കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വിനു മങ്കാഡ് എന്നിവരാണ് നേരത്തെ ഐ.സി.സിയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. വീരേന്ദ്ര സെവാഗും ഡയാന എഡുൽജിയും ചേർന്നതോടെ ഒൻപത് ഇന്ത്യൻ താരങ്ങൾ നിരയിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത ഈ പട്ടികയിൽ ഇടം നേടുന്നത്.
104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ട്വന്റി 20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ച വീരേന്ദർ സെവാഗ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ഓപണർ കൂടിയാണ്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി 20 ലോകകപ്പും നേടിയ ടീമുകളുടെ ഭാഗമായിരുന്നു സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പ്ൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായ സെവാഗ് രണ്ടുതവണ ട്രിപ്ൾ നേടിയിട്ടുമുണ്ട്. ഡോൺ ബ്രാഡ്മാൻ , ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ എന്നിവർ മാത്രമാണ് സെവാഗിനെ കൂടാതെ രണ്ട് ട്രിപ്പ്ൾ സെഞ്ച്വറി നേടിയ താരങ്ങൾ. ടെസ്റ്റിൽ 23 സെഞ്ചുറികളോടെ 8,586 റൺസ് നേടിയ സെവാഗ് ആറ് ടെസ്റ്റ് ഡബിൾ സെഞ്ച്വറികൾ സ്വന്തം പേരിൽ കുറിച്ചു. ഏകദിനത്തിൽ 15 സെഞ്ച്വറികളോടെ 104.33 സ്ട്രൈക്ക് റേറ്റിൽ 8273 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയും (219) നേടിയിട്ടുണ്ട്.
ഇടം കൈയ്യൻ സ്പിന്നറായിരുന്ന ഡയാന എഡുല്‍ജി ഇന്ത്യയ്ക്കായി 100ലധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട്. 20 ടെസ്റ്റുകളിൽ നിന്ന് 404 റൺസും 63 വിക്കറ്റും എഡുല്‍ജി സ്വന്തമാക്കി. 34 ഏകദിനങ്ങളിൽ നിന്ന് 211 റൺസും 46 വിക്കറ്റുമാണ് എഡുൽജിയുടെ സമ്പാദ്യം.
1996 ലോകകപ്പിൽ നിർണായ സാന്നിധ്യമായിരുന്ന അരവിന്ദ ഡിസിൽവയുടെ ആക്രമണാത്മക ബാറ്റിങ് പേരുകേട്ടതാണ്. 93 ടെസ്റ്റുകളിൽ നിന്ന് 6361 റൺസും 308 ഏകദിനങ്ങളിൽ നിന്ന് 9284 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. മുത്തയ്യ മുരളീധരൻ, കുമാർ സംഗകാര, മഹേല ജയവർധന എന്നിവർക്ക് ശേഷം ശ്രീലങ്കൻ നിരയിൽ നിന്ന് ഇടം പിടിക്കുന്ന നാലാമത്തെയാളാണ് ഡിസിൽവ.
112 പേരടങ്ങിയ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഉള്ളത് ഇംഗ്ലണ്ടിൽ നിന്നാണ്. 32 താരങ്ങളാണ് ഇടം നേടിയത്. 29 താരങ്ങൾ ആസ്ട്രേലിയയിൽ നിന്നും 21 താരങ്ങൾ വെസ്റ്റിൻഡീസിൽ നിന്നും ഒമ്പത് താരങ്ങൾ ഇന്ത്യയിൽ നിന്നും ഇടം നേടി. പാകിസ്താൻ (7), ദക്ഷിണാഫ്രിക്ക (6), ശ്രീലങ്ക (4), ന്യസിലൻഡ് (3), സിംബാവെ (1) എന്നിങ്ങനെയാണ് താരങ്ങളുടെ പട്ടിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.