അവനല്ലാതെ മനസ്സിൽ മറ്റൊരു താരമില്ല! ഏകദിന ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് വിരേന്ദർ സെവാഗ്
text_fieldsഏകദിന ലോകകപ്പിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ടീമുകൾ. ഇന്ത്യയാണ് ഇത്തവണ വേദിയാകുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് മത്സരങ്ങളെങ്കിലും ഇപ്പോൾ തന്നെ അതിന്‍റെ ആവേശവും ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും നിറയുകയാണ്.
ക്രിക്കറ്റ് പണ്ഡിറ്റുകളും മുൻ താരങ്ങളുമെല്ലാം ഇഷ്ട താരങ്ങളെയും ടീമിനെയും മികച്ച താരങ്ങളെയുമെല്ലാം പ്രവചിച്ച് ഇതിനകം തന്നെ രംഗത്തുവന്നിട്ടുണ്ട്. പലരുടെയും പ്രവചനങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ സാഹചര്യം ഒട്ടുമിക്ക ടീമുകള്‍ക്കും താരങ്ങൾക്കും സുപരിചിതമാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് ഏതാനും താരങ്ങളിൽ മാത്രം ഒതുങ്ങില്ല.
ലോകകപ്പില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കാത്തിരിക്കുന്ന ഒട്ടനവധി താരങ്ങളുമുണ്ട്. ഇതിനിടെയാണ് ഏകദിന ലോകകപ്പിലെ ഇത്തവണത്തെ റൺവേട്ടക്കാരനെ കുറിച്ചുള്ള മുൻ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗിന്‍റെ പ്രവചനം വൈറലായിരിക്കുന്നത്. അത് സൂപ്പർതാരം വിരാട് കോഹ്ലിയല്ല. ഇന്ത്യയുടെ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ ഈ ലോകകപ്പിലും ടോപ് സ്‌കോററാവുമെന്ന് സെവാഗ് പറയുന്നു. സമീപകാലത്തായി രോഹിത് മോശം ഫോമിലാണെങ്കിലും താരം ലോകകപ്പിലെ ടോപ് സ്കോറർമാരിൽ ഒന്നാമനാവുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് സെവാഗ്.
ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിലും രോഹിത്തായിരുന്നു ടോപ് സ്കോറർ. ഒമ്പതു മത്സരങ്ങളിൽനിന്നായി 648 റൺസാണ് താരം അടിച്ചുകൂട്ടിയത്. അഞ്ചു സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. 81 ആണ് ശരാശരി. ഐ.സി.സിക്ക് നൽകിയ അഭിമുഖത്തിൽ ഉയർന്ന സ്കോറുകൾ നേടാനുള്ള രോഹിത്തിന്‍റെ കഴിവിനെ സെവാഗ് വാനോളം പുകഴ്ത്തുകയും ചെയ്തു.
‘ഞാൻ രോഹിത് ശർമയെ തെരഞ്ഞെടുക്കും, കാരണം ലോകകപ്പിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന് പ്രത്യേക ഊർജമാണ്, പ്രകടനവും മികച്ചതാകും. അതിനാൽ എനിക്ക് ഉറപ്പുണ്ട്, ഇത്തവണ അവൻ ടീമിന്‍റെ നായകൻ കൂടിയാണ്. അതിനാൽ അവൻ ഒരു മാറ്റമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനൊപ്പം ഒരുപാട് റൺസും നേടും’ -സെവാഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.