'എന്റെ മകൻ വൈകാതെ ഐ.പി.എൽ കളിക്കുമെന്നാണ് പ്രതീക്ഷ'; സെവാഗിന്റെ സ്വപ്നങ്ങൾക്ക് നിറമേകി ആര്യവീർ
text_fieldsന്യൂഡൽഹി: കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തകർപ്പൻ ഇരട്ട സെഞ്ച്വറി നേടിയ ആര്യവീറിന്റെ പ്രകടനം തന്റെ പിതാവ് വിരേന്ദർ സെവാഗിന്റെ വാക്കുകൾക്ക് നിറമേകുന്നു.
തന്റെ മകൻ വൈകാതെ ഐ.പി.എല്ലിൽ കളിക്കുമെന്നും അതിനായുള്ള കഠിന പ്രയത്നത്തിലാണ് അവനെന്നും സെവാഗ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആര്യവീറിന്റെ ഇരട്ടസെഞ്ച്വറിക്ക് പിന്നാലെ ക്രിക്കറ്റ് ലോകം തിരയുന്നതും വീരുവിന്റെ ഈ വാക്കുകളാണ്.
കഴിഞ്ഞ വർഷം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞതിങ്ങനെ,
'ഐ.പി.എൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് യുവ പ്രതിഭകൾക്കാണ്. നേരത്തെ, രഞ്ജി ട്രോഫി പ്രകടനങ്ങളിൽ നിന്ന് ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, അതിനാൽ ഇന്ത്യൻ ടീമിൽ എത്താൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ, നിങ്ങൾ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തുകയും നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്താൽ, ഉടൻ നിങ്ങൾക്ക് ഇന്ത്യൻ ടീമിനായി കളിക്കാൻ അവസരം ലഭിക്കുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും ക്രിക്കറ്റിനെ ഗൗരവമായി എടുക്കാൻ തുടങ്ങി. അവനും(ആര്യവീർ) ഐ.പി.എല്ലിൽ കളിക്കാൻ കഴിയും. അതിനായി അവർ കഠിനമായി പരിശ്രമിക്കുന്നു.'.-സെവാഗ് പറഞ്ഞു.
കൂച്ച് ബിഹാർ ട്രോഫിയിൽ ആര്യവീറിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിലാണ് ഡൽഹി കൂറ്റൻ ലീഡെടുത്തത്. ബുധനാഴ്ച ഷില്ലോങ്ങിലെ എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ഒന്നാമിന്നിങ്സിൽ മേഘാലയ 260 റൺസെടുത്ത് പുറത്താവുകയായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി രണ്ടാം ദിവസമായ വ്യാഴാഴ്ച കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 468 റൺസെന്ന അതിശക്തമായ നിലയിലാണ്. എട്ടുവിക്കറ്റ് ശേഷിക്കേ 208 റൺസിന്റെ ലീഡ് സന്ദർശകർ സ്വന്തമാക്കിക്കഴിഞ്ഞു.
പിതാവിനെപ്പോലെ ഓപണറായിറങ്ങിയ ആര്യവീർ 229 പന്തിൽ 200 റൺസുമായാണ് പുറത്താകാതെ നിൽക്കുന്നത്. നടുത്തളം അടക്കിവാണ ഇന്നിങ്സിൽ 34 ഫോറുകളും രണ്ടു സിക്സറുകളും ഉൾപ്പെടുന്നു. ഒന്നാം വിക്കറ്റിൽ അർണവ് എസ്. ബുഗ്ഗയുമൊത്ത് 180 റൺസ് കൂട്ടുകെട്ടിൽ ആര്യവീർ പങ്കാളിയായിരുന്നു. 91 പന്തിൽ പുറതതൊകാതെ 98 റൺസ് നേടിയ ധന്യ നക്റയാണ് സ്റ്റംപെടുക്കുമ്പോൾ ആര്യവീറിനൊപ്പം ക്രീസിൽ.
ഒക്ടോബറിൽ വിനൂ മങ്കാദ് ട്രോഫിയിൽ അരങ്ങേറിയ ആര്യവീർ 49 റൺസെടുത്ത് മണിപ്പൂരിനെതിരെ ടീമിനെ ആറു വിക്കറ്റ് ജയത്തിലേക്ക് നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.