വൻ ദൗത്യവുമായി മതിലുകൾ
text_fieldsബിർമിങ്ഹാം: രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും, വർഷങ്ങളോളം പ്രതിരോധക്കോട്ട കെട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തവർ. ലക്ഷ്മൺ മതിലായിരുന്നുവെങ്കിൽ ദ്രാവിഡ് വൻമതിലായിരുന്നു. 2001 മാർച്ചിൽ കൊൽക്കത്ത ഈഡൻഗാർഡനിൽ ആസ്ട്രേലിയക്കെതിരെ ഒരു പകൽ മുഴുവൻ ബാറ്റേന്തി അപരാജിതരായി ഇരുവരും വൈകീട്ട് മൈതാനം വിടുന്ന കാഴ്ച എക്കാലവും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ട്. മുൻ ക്യാപ്റ്റനും ഇന്ത്യൻ എ ടീം പരിശീലകനുമൊക്കെയായ ദ്രാവിഡാണ് കഴിഞ്ഞ നവംബർ മുതൽ സീനിയർ ടീം കോച്ച്. ടെസ്റ്റ് പരമ്പരക്ക് ടീമുമായി ദ്രാവിഡ് ഇംഗ്ലണ്ടിലുണ്ട്. കഴിഞ്ഞ വർഷം രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞപ്പോൾ കോച്ചാവാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു ലക്ഷ്മൺ. പക്ഷേ നറുക്ക് ദ്രാവിഡിനായിരുന്നു. ഇപ്പോൾ, അയർലൻഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള മറ്റൊരു ഇന്ത്യൻ സംഘത്തെ പരിശീലിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ലക്ഷ്മണിനെയാണ്. കളിയിൽ നിന്ന് വിരമിച്ച ശേഷം ദ്രാവിഡും ലക്ഷ്മണും 'പരിശീലക കൂട്ടുകെട്ട്' പടുത്തുയർത്താനൊരുങ്ങുന്നത് യാദൃച്ഛികം.
ശാസ്ത്രിയും കോഹ്ലിയും നിർത്തിയത് പൂർത്തിയാക്കാൻ ദ്രാവിഡും രോഹിതും
കഴിഞ്ഞ സെപ്റ്റംബറിൽ നിർത്തിവെച്ച പരമ്പര പൂർത്തിയാക്കാനാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് ജൂലൈ ഒന്നിന് തുടങ്ങും. നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ഇന്ത്യയും ഒന്നിൽ ഇംഗ്ലണ്ടുമാണ് ജയിച്ചത്. ഒന്ന് സമനിലയിലായി. പരമ്പര സന്ദർശകർ നേടി. അന്ന് വിരാട് കോഹ് ലിയായിരുന്നു ക്യാപ്റ്റൻ. രവി ശാസ്ത്രി പരിശീലകനും. ഒമ്പത് മാസത്തിന് ശേഷം അഞ്ചാം ടെസ്റ്റ് കളിക്കുമ്പോൾ ക്യാപ്റ്റനും കോച്ചും മാറിയിട്ടുണ്ട്. രോഹിത് ശർമയുടെ നായകത്വത്തിൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ടിലുള്ളത്.
അയർലൻഡിനെതിരെ ഒന്നാം ട്വൻറി20 ഇന്ന്; ലക്ഷ്മണിനും പാണ്ഡ്യക്കും 'ടെസ്റ്റ് ഡ്രൈവ്'
ഡബ്ലിൻ: സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവനിരക്ക് പ്രാമുഖ്യം നൽകി പ്രഖ്യാപിച്ച ഇന്ത്യൻ ട്വന്റി20 ടീമിന് ഞായറാഴ്ച അയർലൻഡിനെതിരെ ആദ്യ അങ്കം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. പരിശീലകൻ വി.വി.എസ്. ലക്ഷ്മണും. ക്യാപ്റ്റനും കോച്ചുമായി ഇരുവരും അരങ്ങേറ്റം കുറിക്കുന്ന മത്സരം. നാല് വർഷത്തിന് ശേഷമാണ് ഇന്ത്യയും ശൈശവദശ ഇനിയും പിന്നിട്ടിട്ടില്ലാത്ത അയർലൻഡും മുഖാമുഖം വരുന്നത്. ഇതുവരെ ഇരു ടീമും മൂന്ന് തവണ മാത്രമാണ് ഏറ്റുമുട്ടിയത്. നൂറു ശതമാനവും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അയർലൻഡിനെ അവരുടെ നാട്ടിൽചെന്ന് നേരിടുമ്പോൾ കാര്യങ്ങൾ അത്ര ലാഘവത്തോടെയല്ല പാണ്ഡ്യയും ലക്ഷ്മണും കാണുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരെ ഈയിടെ അവസാനിച്ച പരമ്പരയിൽ മികവ് കാട്ടിയ ഒരുപിടി താരങ്ങളിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ടീം ഇന്ത്യ. ഓപണർമാരായ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക് വാദും തന്നെ മുന്നണിയിൽ. നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയ വെറ്ററൻ ദിനേശ് കാർത്തിക് എത്രയോ അങ്കങ്ങൾക്ക് ബാല്യം ബാക്കിയുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു. ഐ.പി.എല്ലിൽ പന്തും ബാറ്റുംകൊണ്ട് ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച് കിരീടത്തിലെത്തിച്ചയാളാണ് പാണ്ഡ്യ. ബാറ്റർ സൂര്യകുമാർ യാദവ്, ഓൾ റൗണ്ടർ ദീപക് ഹൂഡ തുടങ്ങിയവർ മധ്യനിരയിൽ അവസരം കാത്തുനിൽക്കുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് ഒരു സ്ഥാനം ടീം മാനേജ്മെന്റ് ഒഴിച്ചിടാൻ തന്നെയാണ് സാധ്യത. പേസർ ഭുവനേശ്വർ കുമാർ മിന്നും ഫോമിലാണ്. ബൗളിങ് ഓൾറൗണ്ടർ അക്സർ പട്ടേൽ, മറ്റൊരു സ്പിന്നർ യുസ് വേന്ദ്ര ചഹൽ തുടങ്ങിയവരുമുണ്ട്. ആൻഡി ബൽബിർനീ നയിക്കുന്നതാണ് ഐറിഷ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.