ഇന്ത്യ-നെതർലൻഡ്സ് മത്സരവും ഉപേക്ഷിച്ചു; സന്നാഹമത്സരം കളിക്കാത്ത ഏക ടീമായി ഇന്ത്യ
text_fieldsതിരുവനന്തപുരം: ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മഴ ചൊവ്വാഴ്ച രാവിലെ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. ഉച്ചക്ക് 2.30നുശേഷം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ സമ്മാനിക്കുകയും ചെയ്തെങ്കിലും വൈകീട്ട് നാലോടെ വീണ്ടും മഴ എത്തി.
ഗുവാഹതിയില്‍ ഇംഗ്ലണ്ടുമായി നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴയെ തുടർന്ന് ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. ഇതോടെ ലോകകപ്പിന് മുന്നോടിയായി ഒറ്റ സന്നാഹമത്സരവും കളിക്കാത്ത ടീമായി ഇന്ത്യ. ഈ മാസം എട്ടിന് ഓസ്ട്രേലിയയുമായാണ് രോഹിത് ശർമയുടെയും സംഘത്തിന്‍റെയും ആദ്യ മത്സരം. ടീം ബുധനാഴ്ച ചെന്നൈയിലേക്ക് പോകും. കാര്യവട്ടത്ത് നടന്ന നാല് സന്നാഹ മത്സരങ്ങളില്‍ മൂന്നെണ്ണവും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരവും ഉപേക്ഷിച്ചു.
മഴയുടെ ഇടവേളയിൽ കളി നടക്കുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലെത്തി. 18,000ത്തോളം ടിക്കറ്റ് വിറ്റതായാണ് കണക്ക്. ഒരുപന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതിനാൽ ഈ തുക തിരികെ നൽകുമെന്ന് കെ.സി.എ അറിയിച്ചു. ഓൺലൈൻ വഴി പാസെടുത്തവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും കൗണ്ടർ വഴി പാസെടുത്തവർക്ക് ടിക്കറ്റിന്‍റെ അസ്സൽ ഹാജരാക്കുന്ന മുറക്കും തുക മടക്കിനൽകും. ഇതിനായി ബുധനാഴ്ച രാവിലെ 11 മുതൽ രാത്രി ഏഴുവരെ സ്റ്റേഡിയത്തിൽ കൗണ്ടറുകൾ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.